കോവിഡിന്റെ പുതിയ വകഭേദം ഏറെ വ്യാപന ശേഷിയുള്ളത്; പ്രതിരോധം ശക്തമാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്
text_fieldsതിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (എക്സ് ബി ബി, എക്സ് ബി ബി1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍, പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും.
രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ അയക്കുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐ.സി.യു ഉപയോഗം എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇന്‍ഫ്‌ളുവന്‍സ കേസുകളും കോവിഡും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും.
പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എൻ.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. മീനാക്ഷി, അഡീഷനല്‍ ഡയറക്ടര്‍ ഡോ. സക്കീന, ഐ.എ.വി. ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, സ്റ്റേറ്റ് പീഡ് സെല്‍ മേധാവി ഡോ. അനുജ, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. ചാന്ദിനി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രീ, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, രാജീവ് ഗാന്ധി ബയോടെക്‌നോളജി സയന്റിസ്റ്റ് ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

