എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ഈ വർഷം യാഥാർഥ്യമാക്കുമെന്ന് വീണ ജോർജ്
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ ഈ വർഷം യാഥാർഥ്യമാകുമെന്ന് മന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയാ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
25 കോടി രൂപ ചെലവിൽ നിർമിച്ച കാൻസർ ബ്ലോക്ക് മെയ് ആദ്യവാരം ഉദ്ഘാടനം ചെയ്യും. ജൂൺ മാസത്തോടെ ന്യൂറോ സർജറിയും ആരംഭിക്കും. ആധുനിക ചികിത്സാ രംഗത്തെ കേരളത്തിന്റെ മുഖമാണ് സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിൽ ഒന്നായ എറണാകുളം ജനറൽ ആശുപത്രി.
ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ, ഹൃദയം തുറക്കാതെ വാൽവിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രൊസീജിയർ തുടങ്ങിയ ചരിത്രപരമായ നേട്ടങ്ങൾ ആശുപത്രി കൈവരിച്ചു. രാജ്യത്ത് തന്നെ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഏക ജനറൽ ആശുപത്രിയാണിത്. ആശുപത്രിയുടെ വികസനത്തിൽ പൊതുജന പങ്കാളിത്തവും ഏറെ സവിശേഷമാണ്. സംസ്ഥാന സർക്കാരിനൊപ്പം ജനപ്രതിനിധികളും പ്രത്യേക ഇടപെടലുകൾ നടത്തുന്നു.
ആദ്യമായി ആരോഗ്യ മേഖലയിൽ കിഫ്ബി ഫണ്ട് അനുവദിച്ചത് എറണാകുളം ജനറൽ ആശുപത്രി ക്കായാണ്. 76.5 കോടി രൂപയാണ് അനുവദിച്ചത്. ഈ തുക വിനിയോഗിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചുവെന്നും മന്ത്രി പറഞ്ഞു.
1.1 കോടി രൂപ ചെലവഴിച്ച് കല്യാണ്‍ സില്‍ക്ക്‌സിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാം, ടി.ജെ. വിനോദ് എം.എല്‍എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം, കൗണ്‍സിലര്‍ മനു ജേക്കബ് നല്‍കിയ ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഗൈനക് തീവ്ര പരിചരണ വിഭാഗം, 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ട്രെയിനിംഗ് സെന്റര്‍, പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഓര്‍ത്തോ വാര്‍ഡ്, ഹൈബി ഈഡന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള ഒ.പി ബ്ലോക്ക് നവീകരണം, ആശുപത്രി വികസന സമിതി ഫണ്ടായ 90 ലക്ഷം രൂപ ലേബര്‍ റൂം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

