‘തിരിച്ചടി കിട്ടുമ്പോഴാണ് വേദനയറിയുന്നതെന്ന് കെ. മുരളീധരൻ; ‘വീടിനു മുന്നിൽ ശവപ്പെട്ടി വരെ കൊണ്ടുവെച്ചു’ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി വീണാ ജോർജ്
text_fieldsതിരുവനന്തപുരം: മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തപ്പോൾ താൻ നേരിടേണ്ടി വന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ചും വ്യക്തിഹത്യകളെക്കുറിച്ചും ഫേസിബുക്കിലൂടെ എഴുതി മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിനെതിരെയുള്ള വിമർശനങ്ങളെയും ഭരണനിർവ്വഹണത്തിലെ പ്രയാസങ്ങളെയും കുറിച്ച് നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വീണാ ജോർജ് പ്രതികരിച്ചത്.
ആരോഗ്യമന്ത്രിയുടെ കസേരയിലിരിക്കുമ്പോൾ നേരിട്ടത് ക്രൂരമായ വേട്ടയാടൽ. ആരോഗ്യ മന്ത്രിയായിരുന്ന കാലയളവിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ, ശാരീരിക ആക്രമണങ്ങൾ, സൈബർ ആക്രമണങ്ങൾ, വ്യാജപ്രചാരണങ്ങൾ തുടങ്ങിയവ തനിക്ക് നേരിടേണ്ടി വന്നതായി കുറിപ്പിൽ പറയുന്നു.
ആരുടെയും പേരെടുത്തു പറയാതെയായിരുന്നു എഫ്.ബി പോസ്റ്റ്. തന്റെ വീടിനു മുന്നിൽ ബോർഡ് വയ്ക്കൽ, ശവപ്പെട്ടി കൊണ്ടുവെക്കൽ തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ അവർ, വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര ക്രൂരമായ വേട്ടയാടലാണ് താൻ നേരിട്ടതെന്ന് വ്യക്തമാക്കി.
വ്യക്തമായ അജണ്ടയോടെയാണ് തനിക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. ചികിത്സാച്ചെലവുകൾ താങ്ങാനാവാതെയും രോഗങ്ങൾ കാരണം നിസ്സഹായരാകുകയും ചെയ്യുമായിരുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് സർക്കാറിന്റെ നയങ്ങൾക്കനുസൃതമായി തന്റെ പരിധിക്കപ്പുറം നിന്നുപോലും പ്രവർത്തിക്കാൻ സാധിച്ചുവെന്നും വീണ ജോർജ് വ്യക്തമാക്കി.
മെഡിക്കൽ കോളജ് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ, ആരോഗ്യവകുപ്പിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും വൻ തിരിച്ചടികളെക്കുറിച്ചും കെ. മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുൻ മന്ത്രിയുടെ പ്രതികരണം വന്നത്. ആരോഗ്യവകുപ്പിനെതിരെ കല്ലെറിയാൻ വളരെ എളുപ്പമാണെന്നും താനും കഴിഞ്ഞ പത്തു വർഷത്തോളമായി വിമർശനം ഉന്നയിച്ചിരുന്ന ആളാണെന്നും എന്നാൽ തിരിച്ചടികൾ അനുഭവിക്കുമ്പോൾ മാത്രമാണ് ഇതിന്റെ പ്രയാസങ്ങൾ ബോധ്യമാകുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ പരാമർശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

