വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു പ്രവർത്തകരെത്തിയത് കരിങ്കൊടിയുമായി, ആയുധം ഉണ്ടായിരുന്നില്ല
text_fieldsആരോഗ്യ മന്ത്രി വീണ ജോർജ്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണായക മൊഴി നൽകി പൊലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധം മാത്രമാണ്. പ്രതിഷേധത്തിനിടെ കെ.എസ്.യു. പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ എത്തിയത് ആയുധമില്ലാതെ ആണെന്നും കൈയിൽ ഉണ്ടായിരുന്നത് കരിങ്കൊടി മാത്രമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകി. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിന്റെ മുന്നിൽ മൊഴി രേഖപ്പെടുത്തിയത്.
ഫെബ്രുവരി 25 ബുധനാഴ്ചയാണ് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി ജില്ല സെഷൻ കോടതിയാണ് കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് എം.സി അതുൽ ഉൾപ്പെടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആർ.പി.എഫ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആർ.പി.എഫ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രിയെ ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചിൽകിത്സക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനാൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതിനാലും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും വിലയിരുത്തിയതിനെ തുടർന്ന് ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

