മന്ത്രി വീണ ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്
text_fieldsകണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്ന് പുലർച്ചെ മണിയോടെ കാറിൽ മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.
ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതിനാൽ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മാറ്റാൻ തീരുമാനിച്ചത്. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ നടന്ന കെ.എസ്.യു പ്രതിഷേധം സംബന്ധിച്ച് റെയിൽവേ സി.ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
മന്ത്രിക്കടക്കം പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്ന കാര്യം ഇന്നലെ റെയിൽവേ ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചതായി അറിയുന്നു. സി.ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു. മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നതാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിയും ഗൺമാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.
നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് പരിശോധിച്ചുവരികയാണ്. ഇവിടെ 55 സി.സി.ടി.വി കാമറകളാണുള്ളത്. ഇതിൽ എത്ര കാമറകൾ പ്രവർത്തനസജ്ജമാണോ എന്നത് എല്ലാം പരിശോധിച്ച ശേഷം വ്യക്തമാകും. എന്നാൽ, ഇതുവരെ നടത്തിയ പരിശോധനയിൽ മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റംചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ നല്കണമെന്നു കാണിച്ച് റെയിൽവേ പൊലീസ് ആർ.പി.എഫിനെ സമീപിച്ചിട്ടുണ്ട്.
സീൽ ചെയ്തു വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ റെയിൽവേ പൊലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എം.ആർ.ഐ സ്കാനിങ്ങിൽ ഗുരുതരപ്രശ്നം ഇല്ലെന്നാണ് റിപ്പോർട്ട്. എങ്കിലും കഴുത്തിനും ഇടതു കൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

