Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപവർകട്ട് മൂലം ഓക്സിജൻ...

പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്

text_fields
bookmark_border
https://www.madhyamam.com/tags/veena-george
cancel

തിരുവനന്തപുരം: പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ സംസ്ഥാനത്ത് ഒരു രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവം സങ്കടകരവും അതീവ ഗുരുതരവുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സർക്കാരിന്‍റെ അനാസ്ഥയെയും നിലവിലെ പവർകട്ടിനെയും വീണ ജോർജ് ശക്തമായി വിമർശിച്ചു.

വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്റിന്‍റെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞ് മരണപ്പെട്ടത്. വൈദ്യുതി തടസ്സപ്പെട്ടതോടെ കുടുബാംഗങ്ങൾ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചെങ്കിലും ഇൻവേർട്ടർ ഉപയോഗിക്കാമായിരുന്നില്ലേ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. രണ്ടാം കോവിഡ് തരംഗത്തിന്‍റെ തീവ്രമായ ഘട്ടത്തിൽ പോലും ഓക്സിജൻ ലഭിക്കാതെ കേരളത്തിൽ ആരും മരിച്ചിട്ടില്ലെന്ന് പറഞ്ഞ വീണ ജോർജ് ഈ സംഭവം കോവിഡ് കാലത്തെ ഓർമിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

മൂന്ന് മാസം മുമ്പ് വരെ പവർകട്ടെന്തെന്ന് കേരളത്തിലെ പുതു തലമുറക്ക് അറിയില്ലായിരുന്നെന്നും എന്നാലിന്ന് ഒരു ദിവസം തന്നെ പല പ്രാവശ്യം കറണ്ട് കട്ടാകുന്നുവെന്നും വീണ ജോർജ് പറയുന്നു. പവർകട്ട് പ്രതിസന്ധിയെയും സർക്കാരിന്‍റെ നിസംഗതയെയും വീണ ജോർജ് ശക്തമായി വിമർശിക്കുകയുണ്ടായി. എത്രയും പെട്ടെന്ന് നിലവിലെ സാഹചര്യത്തിന് പരിഹാരം കാണണമെന്നും കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

കേരളത്തിൽ പവർ കട്ടിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു. അങ്ങേയറ്റം ദു:ഖകരമാണ്. ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച രോഗിയാണ് മരിച്ചത്. കറണ്ട് പോയപ്പോൾ സാച്ചുറേഷൻ കുറഞ്ഞു. കെ.എസ്.ഇ.ബി. ഓഫീസിൽ കുടുംബാം​ഗങ്ങൾ വിളിച്ചപ്പോൾ ഇൻവെർട്ടർ എന്തുകൊണ്ട് വാങ്ങിയില്ല എന്ന് ചോദിച്ചത്രേ!! ഇൻവെട്ടറും ജനറേറ്ററും വാങ്ങാൻ കഴിയാത്ത അനേകം കുടുംബങ്ങളുണ്ട്. ആരോഗ്യ പ്രവർത്തക ചിത്ര അഭയയുടെ കുറിപ്പാണ് ഈ സങ്കടകരമായ സംഭവം പുറം ലോകത്തെ അറിയിച്ചത്. ഹൃദയഭേദകമാണ്. സർക്കാരിന്റെ അനാസ്ഥയിൽ ജീവനുകൾ നഷ്ടപ്പെടുന്നു. അതീവ ​ഗൗരവതരമാണ് സാഹചര്യം.

ഹൃദയഭേദകമായ ഈ വാർത്ത കണ്ടപ്പോൾ കോവിഡ് കാലമാണ് ഓർമ്മ വന്നത്. കോവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ കേരളത്തിൽ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ആണ് ആശുപത്രികളിലെ ഓക്സിജൻ സ്വയംപര്യാപ്തമാക്കുകയും ഓക്സിജൻ ബെഡ്ഡുകൾ ക്രമീകരിക്കുകയും ഒക്കെ ചെയ്തത്. വീടുകളിലെ കിടപ്പ് രോ​ഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സർക്കാർ ലഭ്യമാക്കുന്നതിന് പുറമേ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കിയും ലഭ്യമാക്കിയിരുന്നു. Reuters-ന്റെ റിപ്പോർട്ടർ കേരളത്തിലെ സർക്കാർ ആശുപത്രികൾ സന്ദർശിച്ച ശേഷം ഡൽഹിയിൽ ചെന്നിട്ട് എന്നെ ഒരിക്കൽ ഫോൺ വിളിച്ചു.

കോവിഡ് രണ്ടാം തരംഗത്തിന്റെ സമയം. രണ്ടാം തരം​ഗത്തിലാണ് ( Delta Wave) ഓക്സിജൻ സപ്പോർട്ട് ഏറ്റവും ആവശ്യമായിരുന്നത്. 2021 സെപ്റ്റംബറിലോ മറ്റോ ആണ്. തീവ്രമായ ഡെൽറ്റ തരംഗത്തിൽ കേരളത്തിൽ ആളുകൾ ഓക്സിജൻ കിട്ടാതെയും വെന്റിലേറ്റർ കിട്ടാതെയും ഒക്കെ മരണമടയുന്നുണ്ടാകാം എന്ന് പ്രതീക്ഷിച്ചാണ് കേരളത്തിൽ വന്നതെന്നും അങ്ങനെ ഒരു പ്രതിസന്ധി കേരളത്തിൽ ഇല്ല എന്ന് കണ്ടു മനസ്സിലാക്കിയപ്പോൾ നിങ്ങളെ ഒന്ന് വിളിക്കണമെന്ന് തോന്നി വിളിച്ചതാണ് എന്ന് എന്നോട് പറയുകയും ചെയ്തു.

ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ച് സ്വയം പര്യാപ്തമാകാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ചോദിച്ച് അദ്ദേഹം മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇന്ന് കറണ്ട് കട്ട് മൂലം ഓക്സിജൻ ലഭ്യത കുറഞ്ഞ് കേരളത്തിൽ മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പുവരെ കറണ്ട് കട്ട് എന്തെന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയില്ലായിരുന്നു. കറണ്ട് കട്ട് ആക്കുമോ എന്ന് അവർ അന്ന് അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ഒരുദിവസം തന്നെ പല പ്രാവശ്യം പവർ കട്ട് ! മാത്രമല്ല അതിന്റെ എല്ലാ പ്രശ്നങ്ങളിലൂടെയും സമൂഹം കടന്നു പോകുകയും ചെയ്യുന്നു. സർക്കാർ നിസം​ഗത വെടിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentVeena GeorgePowercutVD SatheesanKSEB
News Summary - Veena George criticizes the government
Next Story