വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
text_fieldsതിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക്ക് മാസപ്പടി കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയെ വിളിച്ചുവരുത്തി തിരുവനന്തപുരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോക്കറാണ് തുറന്ന് പരിശോധിച്ചത്.
കരിമണൽ കമ്പനിയുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ലോക്കർ പരിശോധിച്ചത്. ഇ.ഡിക്ക് മുന്നിൽ കഴിഞ്ഞദിവസം വീണ ഹാജരാക്കിയ രേഖകളിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോക്കറിന്റെ വിവരങ്ങളുമുണ്ട്. തിരുവനന്തപുരം ആയുർവേദ കോളജ് ജങ്ഷനിലെ എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് രാവിലെ വീണയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഉദ്യോഗസ്ഥർ ലോക്കർ തുറന്ന് പരിശോധിച്ചത്.
മൂന്നു മണിക്കൂറോളമാണ് ഇ.ഡിയുടെ പരിശോധന തുടർന്നത്. അന്വേഷണഘട്ടത്തിൽ എപ്പോഴെങ്കിലും വീണ ലോക്കർ തുറന്നിട്ടുണ്ടോ എന്ന വിശദാംശങ്ങളടക്കം ഇ.ഡി ബാങ്കിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽനിന്ന് വീണ ഏതെങ്കിലും വിവരങ്ങൾ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നാണ് സൂചന. ലോക്കറിലുണ്ടായിരുന്ന സ്വർണത്തിന്റെയും മറ്റു വിവരങ്ങളും ഇ.ഡി രേഖപ്പെടുത്തിയെന്നാണ് വിവരം. എച്ച്.ഡി.എഫ്.സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലും വീണയുടെയും കമ്പനിയുടെയും പേരിൽ മറ്റു രണ്ട് അക്കൗണ്ടുകളുണ്ട്. എന്നാൽ, ഇവിടെ ലോക്കർ എടുത്തിട്ടില്ല. മൂന്ന് അക്കൗണ്ടുകളും നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു.
കോടതി കൈമാറാൻ നിർദേശിച്ച 134 രേഖകൾ ഇതുവരെ എസ്.എഫ്.ഐ.ഒ ഇ.ഡിക്ക് കൈമാറിയിട്ടില്ല. പരിശോധനയുടെ വിവരങ്ങൾക്കൊപ്പം എസ്.എഫ്.ഐ.ഒ രേഖകൾകൂടി ലഭ്യമായാൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും എസ്.എഫ്.ഐ.ഒ രേഖകൾ കൈമാറിയില്ലെന്നാണ് വിവരം.
അതേസമയം, ടി. വീണ കഴിഞ്ഞദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ നിന്ന് വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനം സേവനമൊന്നും നൽകാതെ 2.78 കോടി കൈപറ്റിയെന്നും സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിൽനിന്ന് 50 ലക്ഷം രൂപ വായ്പ നേടിയെന്നും ഇത് കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
ഈ മാസം 12ന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണയ്ക്ക് ആദ്യം ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ടതിനാൽ രേഖകൾ സഹിതം ബുധനാഴ്ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. എസ്.എഫ്.ഐ.ഒ ശേഖരിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

