‘കോണ്‍ഗ്രസിന്റെ കത്തുന്ന സൂര്യന്മാര്‍; ചവിട്ടിയരച്ച് കുലമൊടുക്കാൻ സി.പി.എം ശ്രമം’ -രാഹുലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം
text_fieldsകോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗികപീഡന കേസ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.എം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെയാണ് കാണുന്നത്. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.എമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജ ലൈംഗിക ആരോപണങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൂര്യനെല്ലി പീഡനം, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സോളര്‍ കേസ് എന്നിവ ഉദാഹരണമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല. ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷർണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്‍.
സഭക്ക് പുറത്തും ചാനൽ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടികടക്കാം. അല്ലെങ്കില്‍ പത്തി തകര്‍ത്ത് കൊല്ലുക. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

