കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കി; വേടന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്
text_fieldsറാപ്പർ വേടൻ
കൊച്ചി: റാപ്പർ വേടന്റെ മുൻകൂർ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി ഹൈകോടതി. വേടൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് ഗവേഷക വിദ്യാർഥി നൽകിയ പരാതിയിലെ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നൽകിയത്. കേരളം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. വിദേശ യാത്രക്കും അനുമതിയുണ്ട്.
രാജ്യം വിടുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് വേടനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് യുവതി പരാതി നൽകിയത്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.
2020ലായിരുന്നു കേസിനാസ്പദ സംഭവം നടന്നത്. കേസിൽ മുൻകൂർജാമ്യം അനുവദിച്ചപ്പോഴുള്ള രണ്ട് ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വേടൻ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശങ്ങളിലടക്കം സ്റ്റേജ് പരിപാടികളുള്ളതിനാൽ കോടതി അനുമതിയില്ലാതെ കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. സ്റ്റേജ് പരിപാടികൾക്ക് നിരന്തരം കേരളത്തിന് പുറത്ത് പോകേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കാൻ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 23 വരെ മാത്രം ഉപാധി ഒഴിവാക്കുകയാണ് ചെയ്തത്.
ഒക്ടോബർ 25 മുതൽ ഡിസംബർ 20 വരെ വിവിധ രാജ്യങ്ങളിൽ സ്റ്റേജ് പരിപാടികളുണ്ട്. യാത്രാരേഖകൾക്ക് പാസ്പോർട്ട് നൽകേണ്ടതുണ്ട്. തന്‍റെ ജീവിതോപാധിയാണ് സംഗീത പരിപാടികൾ എന്നത് കണക്കിലെടുത്ത് രണ്ട് ഉപാധികളും സ്ഥിരമായി ഒഴിവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

