‘എന്റെ കേരള’ത്തിൽ വേടൻ ഇന്ന് പാടും
text_fieldsതൊടുപുഴ: കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് ഉപേക്ഷിച്ച പരിപാടിയിൽ വേടൻ പാടുന്നു. ഇടതു സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്നുവരുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച വൈകുന്നേരമാണ് വേടൻ പാടുക.
ഇക്കഴിഞ്ഞ 29നാണ് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ വേടന്റെ റാപ് ഷോ തീരുമാനിച്ചിരുന്നത്. എന്നാൽ, 28ന് വേടനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പരിപാടി വേണ്ടെന്ന് വെക്കുകയായിരുന്നു. പകരം, താമരശ്ശേരി ചുരം ബാൻഡാണ് പരിപാടി അവതരിപ്പിച്ചത്.
അതിനിടയിൽ പുലിപ്പല്ല് കേസിൽ വനംവകുപ്പും കുടുക്കിയതോടെ വേടന് അനുകൂലമായ തരംഗമാണ് രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും ഉയർന്നത്. എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും അടക്കമുള്ള ഇടതുനേതാക്കളും വേടനുവേണ്ടി രംഗത്തുവന്നിരുന്നു. ഈ സാഹചര്യമാണ് വേടനെ വീണ്ടും പാടിപ്പിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. സമാപന പരിപാടിയിൽ വേടൻ പാടുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഒരാഴ്ചയായി വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നുവന്ന വിപണന മേളയുടെ സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ മുഖ്യാതിഥിയാകും. സമ്മേളനശേഷമാണ് വേടന്റെ റാപ് ഷോ അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

