വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരന്‍, മടങ്ങിവരവിന് ആശംസിക്കുന്നു; പിന്തുണച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: വേടന്‍റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗർഭാഗ്യകരമെന്നും വേടൻ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നും മന്ത്രി പറഞ്ഞു.
മാലയിലെ പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വേടനെ പിന്തുണച്ച് മന്ത്രി രംഗത്തുവന്നത്. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകും. ഇക്കാര്യത്തിൽ നിയമപരമായ പ്രശ്നങ്ങൾ അതിന്‍റേതായ മാർഗങ്ങളിൽ നീങ്ങട്ടെ. വേടന്‍റെ ശക്തിയാർന്ന മടങ്ങിവരവിന് ആശംസിക്കുന്നതായും മന്ത്രി പ്രതികരിച്ചു.
‘വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഈ വിഷയം തികച്ചും സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സാധാരണ കേസുകളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനംമന്ത്രിയും ഈ കേസില്‍ ചെയ്യുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സാമൂഹ്മാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു. വനം വകുപ്പിനും സര്‍ക്കാറിനുമെതിരെ ഈ പ്രശ്നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത’ -മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസിൽ ചില ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രതികരണം അംഗീകരിക്കാനാകില്ല. സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ പരസ്യപ്രതികരണം നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കേസിനെ പെരുപ്പിച്ചു കാണിച്ച കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മോശം ശീലങ്ങൾ തിരുത്തുമെന്നും നല്ലൊരു മനുഷ്യനായി മാറുമെന്നും വേടൻ പ്രതികരിച്ചു. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വേടന്‍റെ പ്രതികരണം. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. പുകവലിയും മദ്യപാനവും മോശം ശീലമാണെന്ന് അറിയാം. തന്നോട് ക്ഷമിക്കണമെന്നും വേടൻ പറഞ്ഞു.
'കോടതിയുടെ പരിഗണയിലായതിനാൽ കേസിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഒരുപാട് ആൾക്കാരോട് നന്ദിയുണ്ട്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദിയുണ്ട്. എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹാദരന്മാരോട് ഒരു കാര്യം പറയാനുണ്ട്. പുകവലിയും മദ്യപാനവുമെല്ലാം മോശം ശീലമാണെന്ന് എനിക്കറിയാം. ചേട്ടനോട് നിങ്ങൾ ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ' -വേടൻ പറഞ്ഞു.
മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

