യുവജനങ്ങൾക്ക് തൊഴിലുറപ്പാക്കുന്ന മികച്ച പദ്ധതിയാണ് തൊഴിൽമേളകളെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി : യുവജനങ്ങൾക്ക് തൊഴിലൊരുക്കുന്ന മികച്ച പദ്ധതിയാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നടത്തുന്ന തൊഴിൽമേളകളെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ. എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എൻജിനീയറിങ് കോളേജിൽ നടന്ന ഉദ്യോഗ് ഉന്നതി മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്സഉദ്യോഗാർഥികളും തൊഴിൽ ദാതാക്കളും ഒരുമിച്ചെത്തുന്ന തൊഴിൽ മേളകൾ അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിൽ ഇന്ന് പലർക്കും ലഭിക്കുന്നില്ല. തൊഴിൽ ദാതാക്കൾക്ക് അവർ ആഗ്രഹിക്കുന്ന കഴിവുള്ള ജോലിക്കാരെയും കിട്ടുന്നില്ല. എന്നാൽ ഇത്തരം തൊഴിൽ മേളകൾ നടക്കുമ്പോൾ ഉദ്യോഗാർഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഒരുപോലെ ഗുണം ചെയ്യും. പുതിയ തൊഴിൽ സാധ്യതകളെ കുറിച്ച് സർക്കാർ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
'ഉദ്യോഗ് ഉന്നതി' പദ്ധതിയെക്കുറിച്ച് എംപ്ലോയ്മെന്റ് ഓഫീസർ വി.ഐ കബീർ വിശദീകരിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ഗ്രാമപഞ്ചായത്ത് അംഗം വി.ജി ഷാഹ് മോൾ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ, എസ്.എൻ.എം.ഐ.എം.ടി. മാനേജർ പി.എൻ ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. കെ. ആർ സഞ്ജുന എന്നിവർ സംസാരിച്ചു.
50 തൊഴിൽ ദാതാക്കളും 1500 ഉദ്യോഗാർഥികളും മേളയിൽ പങ്കെടുത്തു. വൈപ്പിൻ, പറവൂർ, സമീപ ജില്ലയായ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം, നാട്ടിക എന്നീ പ്രദേശങ്ങളിൽ നിന്നായിരുന്നു കൂടുതൽ പങ്കാളിത്തം. എൻജിനീയറിങ്, ഐടി, ടെക്നോളജി, ആരോഗ്യം, ടൂറിസം, കോമേഴ്സ് ആൻഡ് ബിസിനസ്, ഓട്ടോ മൊബൈൽ, സെയിൽസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ മൂവായിരത്തിലധികം ഒഴിവുകളാണ് മേളയിൽ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

