Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗഹൃദവഴിയിൽ ഓടിനടന്ന്​...

സൗഹൃദവഴിയിൽ ഓടിനടന്ന്​ വി.ഡി.എസ്

text_fields
bookmark_border
സൗഹൃദവഴിയിൽ ഓടിനടന്ന്​ വി.ഡി.എസ്
cancel
camera_alt

അന്തരിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ വസതിയിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വിതുമ്പിയപ്പോൾ, ആശ്വസിപ്പിക്കുന്ന സുലേഖ ടീച്ചർ

ജി. കാര്‍ത്തികേയന്റെ വസതിയിൽ വിതുമ്പലോടെ സതീശൻ; അനുഗ്രവും പിന്തുണയും തേടി സന്ദർശനങ്ങൾ

തിരുവനന്തപുരം: എതിർപ്പുള്ളവർ പോലും അത് മറന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ചേർത്തുപിടിക്കുന്ന കാഴ്ചയാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് കണ്ടത്. ചിലർക്ക് മുന്നിൽ അദ്ദേഹം വിതുമ്പി, ചിലർ പകർന്ന വഴികാട്ടുന്ന നിർദേശങ്ങൾ സശ്രദ്ധം കേട്ടു. പിണറായി വിജയനും രമേശ് ചെന്നിത്തലയും വരെ സതീശനെ കൈപിടിച്ച് ചേർത്തുനിർത്തി. നിയമസഭയിലും പുറത്തും ഭരണപക്ഷത്തെ കടന്നാക്രമിക്കുന്ന ചുറുചുറുക്കുള്ള പോരാളിയായല്ല, എല്ലാവരെയും കേട്ടും പകരുന്ന സ്നേഹത്തിന്‍റെ വിലയറിഞ്ഞും സവിനയം കടന്നുപോകുന്ന പക്വമതിയായ നേതാവിന്‍റെ ഭാവമായിരുന്നു അദ്ദേഹത്തിന്.

രാവിലെ മുതൽ ഓരോരുത്തരെയായി കാണാൻ വി.ഡി. സതീശൻ കന്‍റോൺമെന്‍റ് ഹൗസിൽനിന്ന് ഇറങ്ങി. എം.എൽ.എ ക്വാർട്ടേഴ്സിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ ഫ്ലാറ്റിലെത്തിയ അദ്ദേഹത്തെ ജോസഫും പാർട്ടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. മോൻസ് ജോസഫ്, അപു ജോൺ ജോസഫ്, മാണി സി. കാപ്പൻ തുടങ്ങിയവർ അവിടെയുണ്ടായിരുന്നു. എല്ലാവരുമായും സൗഹൃദം പങ്കിട്ട സതീശൻ കുറെസമയം ജോസഫുമായി സംസാരിച്ചിരുന്നു. ടീം യു.ഡി.എഫിലെ ഏറ്റവും മുതിർന്ന കാരണവരാണ് ജോസഫെന്ന് സതീശൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ അനുഗ്രഹവും ഉപദേശവും തേടിയാണ് വന്നത്. അദ്ദേഹം വഴികാട്ടിയായി ഇനിയും ടീം യു.ഡി.എഫിന്‍റെ മുന്നലുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

അന്തരിച്ച മുതിര്‍ന്ന നേതാവ് ജി. കാര്‍ത്തികേയന്റെ വസതിയിൽ 11 മണിയോടെ അദ്ദേഹമെത്തി. വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വീട് സാക്ഷിയായത്. ജി. കാര്‍ത്തികേയന്റെ പത്നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച സതീശന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വിതുമ്പലോടെ നിന്ന സതീശനെ, മുഖ്യമന്ത്രി കരയരുതെന്ന് പറഞ്ഞ് ടീച്ചര്‍ ആശ്വസിപ്പിച്ചു. കാർത്തികേയന്‍റെ മകൻ കെ.എസ്. ശബരീനാഥും നടൻ ജഗദീഷും അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് സുലേഖയുമായി കുറെസമയം സംസാരിച്ചിരുന്നു.ഇത് തന്റെ കുടുംബമാണെന്ന് സതീശന്‍ പറഞ്ഞു. ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനോട് പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ മൂത്ത മകനാണെന്ന് സുലേഖ ടീച്ചർ പറഞ്ഞു.

പിന്നീട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ സന്ദർശിച്ചു. അടൂർ പ്രകാശ് തന്‍റെ മൂത്ത ജ്യേഷ്ഠനാണെന്ന് പറഞ്ഞ സതീശൻ ടീം യു.ഡി.എഫ് എന്ന നിലയിലേക്ക് എത്തിയത് അടൂർ പ്രകാശ് കൺവീനറായി വന്നതോടെയാണെന്നും കൂട്ടിച്ചേർത്തു.അതിനുശേഷം കാവൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിലേക്കാണ് സതീശൻ എത്തിയത്. വീടിന് പുറത്തേക്കിറങ്ങിവന്ന് ഇരുകൈളും നീട്ടിയാണ് പിണറായി സതീശനെ വരവേറ്റത്. പിണറായിയുടെ ഭാര്യ നൽകിയ ചായകുടിച്ച് ജീവിതശൈലിയിലെ ചിട്ടകളെ കുറിച്ചൊക്കെ പറഞ്ഞ് വളരെ സൗഹൃദപരമായ കൂടിക്കാഴ്ചക്ക് ശേഷം അല്പം മാത്രം അകലെയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ചെന്നിത്തലയുടെ വസതിയിലേക്കായി യാത്ര. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച പിണക്കങ്ങളൊക്കെയുണ്ടെങ്കിലും ഇരുവരും കുറെ സമയം സംസാരിച്ചശേഷം ഒരുമിച്ച് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു.

പിണറായിയുടെ വീട്ടിൽ രാഷ്ട്രീയവൈരം മറന്നൊരു ചായകുടി

തിരുവനന്തപുരം: നിയമസഭയിലും പുറത്തും നിരവധി ചൂടേറിയ വാക്പോരുകളിലൂടെ ചിരവൈരികളെന്ന പ്രതീതി സൃഷ്ടിച്ച പിണറായി വിജയനും വി.ഡി. സതീശനും വൈരംമറന്ന് ചൂടു കുടിച്ച് ഊഷ്മളമായൊരു കൂടിക്കാഴ്ച. കളിയുടെ ഹാഫ് ടൈമിൽ ടീമുകൾ പരസ്പരം ഗോൾ പോസ്റ്റുകൾ മാറുന്നതുപോലെ ഇരുവരും സ്ഥാനങ്ങൾ മാറുന്ന പശ്ചാത്തലത്തിൽ നടന്ന കൂടിക്കാഴ്ച കൗതുകമായി.

ഉച്ചക്ക് 12.15ഓടെയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലെത്തിയത്. കർക്കശക്കാരനായ പിണറായി, സതീശനെ എങ്ങനെയാകും വരവേൽകുകയെന്നറിയാൻ അവിടെ മാധ്യമപ്രവർത്തകരടക്കം വലിയ ജനക്കൂട്ടമുണ്ടായിരുന്നു. സതീശൻ പുറത്തെത്തിയതറിഞ്ഞ പിണറായി കുടുംബാംഗങ്ങളോടൊപ്പം വീടിന്‍റെ വരാന്തയിലേക്ക് ഇറങ്ങിവന്ന് ഇരുകൈകളും നീട്ടി സതീശനെ വരവേറ്റു. അവിടെ നിന്ന് ഇരുവരും എല്ലാവരെയും വണങ്ങി. തുടർന്ന് സതീശന്‍റെ കൈപിടിച്ച് പിണറായി വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇതുവരെ കണ്ട പോരെല്ലാം ചായകോപ്പയിലെ കൊടുങ്കാറ്റു പോലെയായി. ഇനിയും സഭയിലും പുറത്തും ഇരുവരും തമ്മിലെ പോരിന് കേരളം സാക്ഷ്യംവഹിക്കാനിരിക്കെ അതിനെല്ലാമപ്പുറം മാനുഷിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കൂടിക്കാഴ്ചയാണ് അവിടെ നടന്നത്.

പിണറായിയുടെ ഭാര്യ കമലയും മകൾ വീണയും ചേർന്ന് സതീശന് ചായ നൽകി. കാവൽ മുഖ്യമന്ത്രിയായ പിണറായിയെ ‘സി.എം’ എന്നു വിളിച്ചാണ് സതീശൻ സംസാരിച്ചത്. സി.എം ജീവിത ശൈലിയിൽ വളരെ ചിട്ടയുള്ള ആളാണെന്നും താൻ അത്രത്തോളം ചിട്ടകൾ സൂക്ഷിക്കുന്ന ആളല്ലെന്നും സതീശൻ പറഞ്ഞു. ചിട്ടയെയും ഭക്ഷണകാര്യങ്ങളെയുമൊക്കെ കുറിച്ച് പിണറായിയുടെ ഭാര്യ കമല ചോദിച്ചതോടെയാണ് അതേകുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഭക്ഷണകാര്യത്തിൽ താനും ചിട്ടയുള്ള ആളാണെന്ന് സതീശൻ പറഞ്ഞു. കുറച്ചെ കഴിക്കാറുള്ളൂ. ചൂട് വെള്ളം കുടിക്കുന്നയാളാണ് താനും. സി.എമ്മും അങ്ങിനെയാണല്ലോ എന്നും സതീശൻ പറഞ്ഞു. എല്ലാം കേട്ട് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു പിണറായി. ഗ്രീൻ ടീയല്ലേ ഇത് എന്ന് സതീശൻ ചോദിച്ചപ്പോൾ അതേ എന്ന് പിണറായി പറഞ്ഞു. 15 മിനിറ്റ് നീണ്ട ഊഷ്മള കൂടിക്കാഴ്ചക്കുശേഷം ഇരുവരും പുറത്തേക്കിറങ്ങിവന്നു. പിണറായി സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ ‘‘കാര്യങ്ങള്‍ പിന്നെ പറയാം’’ എന്ന ഒറ്റവരിയില്‍ പ്രതികരണം ഒതുക്കി. പിണറായിയുടെ മകൾ വീണ ചെറുമക്കൾ, മുൻ എം.എൽ.എ വി.കെ. പ്രശാന്ത് എന്നിവരുമുണ്ടായിരുന്നു. നിയുക്ത മുഖ്യമന്ത്രി, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയെ കാണുന്ന കീഴ്വഴക്കത്തിന്‍റെ ഭാഗമായി കൂടിയാണ് സതീശൻ പിണറായിയുടെ വീട്ടിലെത്തിയത്.

നാടകീയതക്കൊടുവിൽ വി.ഡി- ചെന്നിത്തല കൂടിക്കാഴ്ച

തിരുവനന്തപുരം: നാടകീയതകൾക്കൊടുവിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നിറങ്ങിപ്പോയ രമേശ് ചെന്നിത്തല പിന്നീട് മടങ്ങിയെത്തിയതോടെയാണ് കൂടിക്കാഴ്ച നടന്നത്. ചെന്നിത്തല ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെ സതീശന്‍ കാണാനെത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, ബന്ധുവിനെ കാണാന്‍ പോകുന്നെന്ന് പറ‍ഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു.

ഇതോടെ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായി. ഉച്ചക്ക് പിണറായി വിജയനെ കണ്ടിറങ്ങിയ സതീശൻ ചെന്നിത്തല വഴുതക്കാട്ടെ വീട്ടിലുണ്ടെന്നറിഞ്ഞ് അവിടേക്ക് ചെല്ലുകയായിരുന്നു. പാർട്ടി പ്രവർത്തകരടക്കം വലിയ ജനക്കൂട്ടവുമെത്തി. 25 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ കുറെസമയം ഇരുവരും മാത്രമായും സംസാരിച്ചു.

രമേശ് ചെന്നിത്തലയെ സന്ദർശിച്ച നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, ചെന്നിത്തലക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു

പിരിമുറുക്കങ്ങൾ അയയുമെന്ന സൂചനകളോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. അതിനുശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഇതൊരു കൂടിക്കാഴ്ചയൊന്നുമല്ലെന്നും താൻ എപ്പോഴും വരുന്ന വീടാണിതെന്നുമായിരുന്നു വി.ഡി. സതീശന്‍റെ പ്രതികരണം. ‘‘ചെറുപ്പം തൊട്ടേ തന്‍റെ ലീഡറാണ് ചെന്നിത്തല. ഈ വീടുണ്ടാക്കിയ കാലംമുതൽ ഇവിടെ വരുന്ന ആളാണ് താൻ. കഴിഞ്ഞ നിയമസഭയിൽ ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോൾ തങ്ങൾ ഒരുമിച്ചാണ് ഇവിടെനിന്ന് കാറിൽ നിയമസഭയിലേക്ക് പോയത്. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരുകാര്യങ്ങളുമില്ല. അദ്ദേഹം തന്‍റെ ജ്യേഷ്ഠസഹോദരന് തുല്യനാണ്. പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന്‍റെ എല്ലാ അനുഗ്രഹവുമുണ്ടാകുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്’’-സതീശൻ പറഞ്ഞു.

മന്ത്രിസഭയിൽ ചെന്നിത്തലയുണ്ടാകുമോ എന്ന ചോദ്യത്തിന്, അതൊക്കെ പാർട്ടി നേതൃത്വം അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു സതീശന്റെ പ്രതികരണം. സതീശൻ മുഖ്യമന്ത്രിയായതിൽ താൻ സന്തോഷിക്കുന്നുവെന്നും ഹൈകമാൻഡിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ ബന്ധങ്ങളുള്ളവരാണ് ഞങ്ങൾ എല്ലാവരും. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് പാർട്ടി ഏൽപിച്ചത്. അതിനെ പാർട്ടി പ്രവർത്തകർ എല്ലാവരും ചേർന്ന് പിന്തുണക്കും. മന്ത്രിസഭയിൽ അംഗമാകുമോ എന്നതിന്, അതൊക്കെ പാർട്ടി തീരുമാനിക്കുമെന്നായിരുന്നു പ്രതികരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalakerala politicschief ministerPinarayi VijayanVD Satheesan
News Summary - VDS running on the path of friendship
Next Story