ഒരുങ്ങുന്നു വി.ഡി ടീം; ചെന്നിത്തലക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്നും സൂചന
text_fieldsതിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തിന്റ ഭരണസാരഥ്യത്തിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, യു.ഡി.എഫിൽ തിരക്കിട്ട ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. ഉഭയകക്ഷി ചർച്ചകളും പാർട്ടിതല കൂടിയാലോചനകളും ആശയവിനിമയങ്ങൾക്കുമൊടുവിൽ ഭരണചിത്രം തെളിഞ്ഞു തുടങ്ങി. മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും സ്പീക്കറും കോൺഗ്രസിന് ലഭിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ. ആർ.എസ്.പി, സി.എം.പി എന്നിവർക്ക് ഓരോ മന്ത്രിമാരെ ലഭിക്കും.
കേരള കോൺഗ്രസ് രണ്ടു മന്ത്രിസ്ഥാനങ്ങൾ വേണമെന്നതിൽ ഉറച്ചു നിൽക്കുകയാണെങ്കിലും ഒരു മന്ത്രിയും ഒപ്പം ചീഫ് വിപ്പോ ഡെപ്യൂട്ടി സ്പീക്കർ പദവിയോ നൽകാമെന്നാണ് കോൺഗ്രസ് മുന്നോട്ടുവെച്ച ഫോർമുല. ഇക്കാര്യത്തിൽ ജോസഫ് വിഭാഗം അടുത്തിട്ടില്ല. ഏഴ് എം.എൽ.എമാരുള്ളതിനാൽ രണ്ടു മന്ത്രി പദവികൾ അർഹതപ്പെട്ടതാണെന്നാണ് ജോസഫ് വിഭാഗത്തിന്റ നിലപാട്.
ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), മാണി സി. കാപ്പൻ (കെ.ഡി.പി) എന്നിവർക്ക് ടേം വ്യവസ്ഥയെന്ന കോൺഗ്രസ് നിർദേശത്തിൽ അനൂപ് ഇടഞ്ഞു നിൽക്കുകയാണ്. ഇതടക്കം നടപടികൾ അന്തിമമാക്കി പട്ടിക ഞായറാഴ്ച വൈകുന്നേരത്തോടെ ഗവർണർക്ക് കൈമാറും. മുഖ്യമന്ത്രിയായി പരിഗണിക്കാത്തതിനെ തുടർന്ന് കടുത്ത നിലപാടിലായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഉറച്ചതോടെ ശനിയാഴ്ച അനുനയത്തിന് തയാറായി.
സ്പീക്കർ അല്ലെങ്കിൽ ധനമന്ത്രി പദവിയാണ് മുന്നിൽവെച്ചതെങ്കിലും ആദ്യം ചെന്നിത്തല വഴങ്ങിയില്ല. തുടർന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി നടന്ന ചർച്ചകളിലാണ് മഞ്ഞുരുക്കം. കീഴ്വഴക്കങ്ങൾ കുറവാണെങ്കിലും ധനവകുപ്പ് മുഖ്യമന്ത്രി കയ്യാളാനാണ് സാധ്യത.
ചർച്ചകൾ അന്തിമമായില്ലെങ്കിലും കോൺഗ്രസിൽനിന്ന് കെ. മുരളീധരൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എ.പി. അനിൽകുമാർ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരുടെ സ്ഥാനം ഏറെക്കുറെ ഉറപ്പായി. ചാണ്ടി ഉമ്മൻ, ഷാനിമോൾ ഉസ്മാൻ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, ടി. സിദ്ദീഖ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എം. വിൻസെന്റ്, എൻ. ശക്തൻ, ഐ.സി. ബാലകൃഷ്ണൻ, വി.ടി. ബൽറാം എന്നിവരുടെ പേരുകൾ ‘വെയിറ്റിങ് ലിസ്റ്റി’ലുണ്ട്.
ജില്ല പരിഗണന, സാമുദായിക പരിഗണന, സീനിയോറിറ്റി എന്നിവ മാനദണ്ഡമാക്കിയാകും ഇവരുടെ സാധ്യതകൾ. ഒപ്പമുള്ള രണ്ടുപേരെ മന്ത്രിമാരാക്കണമെന്ന ചെന്നിത്തലയുടെ ഉപാധിയിൽ ചർച്ച അനിശ്ചിതത്വത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

