മന്ത്രിയുടെ ഭാര്യക്ക് ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിന്റെ സ്ഥിതി അതീവ ഗൗരവമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'മന്ത്രിയുടെ ഭാര്യക്ക് പോലും കിട്ടാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്. മന്ത്രിയുടെ ഭാര്യക്ക് മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ നിന്നും അതിക്രമം നേരിട്ടു. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും അവർക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ചോ? അവരെ ആരെങ്കിലും ആക്രമിച്ചോ എന്ന് അന്വേഷിച്ചോ? അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയോ? പിന്നെ എന്ത് പൊലീസാണ്. ഏത് സ്ത്രീക്കാണ് കേരളത്തിലെ പൊലീസിനെക്കൊണ്ട് സുരക്ഷ കിട്ടുന്നത്. അതോ മന്ത്രിയുടെ ഭാര്യയാണെന്നോർത്ത് പേടിച്ചോടിയതാണോ? മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എല്ലാത്തിലും ഒരു മൗനമുണ്ട്. സ്ത്രീ സുരക്ഷയുടെ ഏറ്റവും ടോപ്പിലുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് കപ്പും പിടിച്ചിരിക്കുന്ന ഫോട്ടോയാണ് എന്റെ മനസ്സിൽ ഈ സംഭവം വന്നപ്പോൾ വന്നത്. അതെല്ലാം വെറും പി.ആർ ആയിരുന്നു. ഇതെല്ലം കോൺഗ്രസിന്റെ രാഷ്ട്രീയ കളികളാണെന്ന് പറയുന്ന ഗതാഗത മന്ത്രിയോട് ഒരു കാര്യം ചോദിക്കട്ടെ. കോൺഗ്രസാണോ ഇക്കാര്യം പൊക്കിക്കൊണ്ട് വന്നത്? മന്ത്രിയുടെ ഭാര്യയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇക്കാര്യത്തിൽ ഞങ്ങളുടെ ആദ്യ പ്രതികരണം ഇതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
എന്നാൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വാളകത്തെ കുടുംബവീട്ടിൽ വെച്ച് മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ കണ്ടുവെന്നും പൊലീസിൽ പരാതിപ്പെട്ടുവെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദു കൃഷ്ണൻ ആരോപിച്ചിരുന്നു.
ദൃശ്യം പകർത്തിയ ഭാര്യയെ ഗണേഷിന്റെ സഹായികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോണുകൾ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെടാതെ പിൻമാറിയെന്നും ആരോപണമുണ്ട്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ തനിക്കെതിരെ മന്ത്രി കേസെടുപ്പിക്കട്ടെയെന്നും വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ലെന്നും യദു കൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖയുടെ ഭർതൃസഹോദരിയാണ് ഗണേഷിന്റെ ഭാര്യ. വാളകത്തെ വീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയപ്പോഴാണ് ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ കണ്ടതത്രെ. ഉടൻ അവർ ശ്രീലേഖയെ ഫോൺവിളിച്ച് കാര്യങ്ങൾ പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പൊലീസ് സഹായം തേടാൻ ശ്രീലേഖ നിർദേശിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെടാതെ പിന്മാറിയതായി ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

