അഴിമതി മറക്കാൻ ആരോഗ്യവകുപ്പ് ഫയലുകൾ മുക്കിയെന്ന് വി.ഡി.സതീശൻ
text_fieldsആലുവ: കോവിഡിന്‍റെ മറവിൽ ആരോഗ്യവകുപ്പിൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലുവ പാലസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിന്‍റെ മറവിൽ മെഡിക്കൽ സർവിസ് കോർപറേഷനിൽ വ്യാപക അഴിമതി നടന്നതായാണ് വിവരം. 1600 കോടിയുടെ പർച്ചേസാണ് നടത്തിയത്. ആശുപത്രികളിൽനിന്ന് ഇൻഡൻറ് ഇല്ലാതെയാണ് പല മരുന്നുകളും ഉപകരണങ്ങളും വാങ്ങിയത്. പലതും കെട്ടിക്കിടന്ന് നശിക്കുകയാണ്.
മൂന്നിരട്ടി അധികം വിലയ്ക്കാണ് ഗുണനിലവാരമില്ലാത്ത പി.പി.ഇ കിറ്റുകൾ വാങ്ങിയത്. കൈയുറകൾ വാങ്ങിയതിലും ക്രമക്കേടുണ്ട്. ഇല്ലാത്ത കമ്പനികളുടെ പേരിൽ വരെ പർച്ചേസ് നടത്തിയിട്ടുണ്ട്. 1600 കോടിയുടെ ഇടപാട് ഒരാളുടെ ലാപ്ടോപ് വഴിയാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട മൂവായിരത്തോളം കമ്പ്യൂട്ടർ ഫയലുകളാണ് നശിപ്പിക്കപ്പെട്ടത്.
ഫയലുകൾ കാണാതെ പോകുന്നതിൽ രാഷ്ട്രീയനേതൃത്വത്തിന്റെ സഹായമുണ്ടാകും. എതുതരത്തിലെ അന്വേഷണം വേണമെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടത്. അന്വേഷണം നടത്തിയില്ലെങ്കിൽ സമരം ആരംഭിക്കും. അഴിമതിയെ മന്ത്രി ന്യായീകരിച്ചാൽ അവർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പറയേണ്ടിവരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

