വിധവയാകുന്നത് വിധിയാണെന്ന് സി.പി.എം വിശ്വസിക്കുന്നുണ്ടോ?; സതി അനുഷ്ടിക്കണമെന്നും ആവശ്യപ്പെടുമോ -വി.ഡി സതീശൻ
text_fieldsഇടുക്കി: സ്ത്രീ വിധവ ആകുന്നത് വിധിയാണെന്ന് സി.പി.എം വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എം.മണിയുടെ കെ.കെ.രമക്കെതിരായ പരാമർശം ചൂണ്ടിക്കാട്ടിയാണ് സതീശന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ നിലപാട് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഭര്‍ത്താവ് മരിച്ച സ്ത്രീ സതി അനുഷ്ഠിക്കണമെന്നും നിങ്ങള്‍ പറയും.
ഇത്രയും പിന്തിരിപ്പന്‍ ആശയം തലയിലേറ്റി നടക്കുന്നവരാണോ കേരളത്തിലെ സി.പി.എം നേതൃത്വം. ഇത്രയും പിന്തിരിപ്പന്‍ ആശയങ്ങളുമായാണ് നടക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു പുരോഗമന പാര്‍ട്ടിയാണെന്ന് ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കില്ലെന്നും സതീശൻ പറഞ്ഞു.
മണി ഇതിന് മുന്‍പും സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മണിയുടെ പ്രസ്താവനയ്ക്ക് കുടപിടിച്ചുകൊടുത്ത മുഖ്യമന്ത്രിയുടെ സമീപനം അദ്ഭുതപ്പെടുത്തുന്നതാണ്. പിണറായിയുടെ അറിവോടെയാണ് മണി ഇത്തരത്തിലുള്ള അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കും സി.പി.എമ്മും 51 വെട്ട് വെട്ടി കൊന്നിട്ടും തീരാത്ത പകയാണ് ടി.പി ചന്ദ്രശേഖരന്റെ സഹധര്‍മ്മിണിയോട് കാണിക്കുന്നത്. നാല് ചുറ്റും കാവല്‍ നിന്ന് ഈ കാപാലികരില്‍ നിന്നും കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കും. മണിയുടെ വിവാദവും ഭരണഘടനാവിരുദ്ധ പ്രസംഗവും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും എ.കെ.ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞതും എല്ലാം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന ചോദ്യമാണ് ഉയരുന്നത്. ആര് എങ്ങനെ ശ്രമിച്ചാലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.