സ്വപ്‌നയുടെ വെളിപ്പെടുത്തൽ സി.ബി.ഐ അന്വേഷിക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അതിനെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജ്ഭവനിലേക്ക് പോയ ഷാര്‍ജ ഭരണാധികാരി റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് പോയെന്ന ആരോപണവും സ്വകാര്യ ആവശ്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ ഉന്നയിച്ചെന്നതും അതിഗൗരവമുള്ളതാണ്. പ്രോട്ടോകോള്‍ പ്രകാരമുള്ള അനുവാദം വാങ്ങാതെയാണ് കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന ആരോപണം വളരെ ഗുരുതരമാണ്. ഇതെല്ലാം ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സോളാര്‍ കേസിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി ടി.വി കാമറകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എം സെക്രട്ടറിയാണ് പിണറായി വിജയന്‍. ക്ലിഫ് ഹൗസിലെ സി.സി ടി.വി കാമറകള്‍ പരിശോധിക്കണമെന്നാണ് സ്വപ്‌ന ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിയോട് സി.സി ടി.വി ഫൂട്ടേജ് ആവശ്യപ്പെട്ട പിണറായി ഇപ്പോള്‍ ക്ലിഫ് ഹൗസിലെ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കട്ടെ. ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നുപോകില്ല.
ഡേറ്റ വിൽപന, കെ-ഫോണില്‍ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ ലംഘിച്ചു തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മകളുടെ കമ്പനിയിലെ മെന്ററുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി തെറ്റായ വിവരമാണ് നിയമസഭയില്‍ നല്‍കിയത്. ഡിപ്ലോമാറ്റിക് ചാനല്‍ വഴി ബാഗ് കൊണ്ടു പോയിട്ടില്ലെന്ന് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞ മുഖ്യമന്ത്രിതന്നെ പിന്നീട് മാറ്റിപ്പറഞ്ഞു. ഈ രണ്ടു വിഷയങ്ങളിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. ഡിപ്ലോമാറ്റിക് ചാനലില്‍ എന്തിനാണ് ആറന്മുളക്കണ്ണാടി അയച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

