പിണറായി വിജയന് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്ന് വി.ഡി. സതീശൻ; ‘നികൃഷ്ട ജീവി, പരനാറി, കുലംകുത്തി, ഒടുവിൽ ചെറ്റ...’
text_fieldsപാലക്കാട്: പിണറായി വിജയന് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി, എൻ.കെ. പ്രേമചന്ദ്രനെ പരനാറി, 51 വെട്ട് വെട്ടിക്കൊന്ന ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി, ഒടുവിൽ ജി. സുധാകരനെ ചെറ്റ എന്ന് വിളിച്ചിരിക്കുകയാണ്. ഇതിനെയൊക്കെ എതിർത്തയാളാണ് പി.കെ. ശശി. അതുകൊണ്ടാണ് പി.കെ. ശശി ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാകാൻ കാരണം. എല്ലാം കഴിഞ്ഞപ്പോൾ സി.പി.എം ബി.ജെ.പിയുമായിട്ടുള്ള ബന്ധത്തിലാണിപ്പോഴുള്ളത്.
അയ്യപ്പന്റെ സ്വർണം കട്ടവർ ഇപ്പോഴും സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയിൽ ഇരിക്കുകയാണ്. റാന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി പറയുകയാണ് ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കില്ലെന്ന്. ഇത്, പരസ്പരം സഹായിക്കാൻ വേണ്ടി മാത്രമാണ്. തൃപ്പൂണിത്തുറയിലും സമാനസാഹചര്യമാണുള്ളത്. പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചു. പകരം ഇഡി. കരുവന്നൂരിൽ സി.പി.എമ്മിനെ സഹായിച്ചു, പിന്നെ ഇഡി അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഈ ഡീൽ ഇത്തവണ പൊളിച്ചടുക്കുമെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.
കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പി.കെ. ശശിയുടെ വിജയമെന്നും വി.ഡി. സതീശൻ പറഞ്ഞു. 100ലേറെ സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പി.കെ. ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം, പക്ഷേ കൈയാണ് ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് സതീശനെന്ന് ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ശശി പറഞ്ഞു. സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യം. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രക്ക് മതിപ്പും ഇഷ്ടവും ആയിരുന്നുവെന്നും നിയമസഭയിൽ ഓരോ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഞാൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നുവെന്നും പി.കെ. ശശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

