മലയോരത്തെ ജനതയെ വിധിക്ക് വിട്ടു കൊടുക്കില്ലെന്ന് വി.ഡി. സതീശൻ; ‘സങ്കടങ്ങള്‍ക്ക് പരിഹാരം കാണും വരെ യു.ഡി.എഫ് ഒപ്പമുണ്ടാകും’
text_fieldsഅമ്പൂരി (തിരുവനന്തപുരം): മലയോരത്തെ ജനത ഒറ്റക്കല്ലെന്നും യു.ഡി.എഫ് ഒപ്പമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയോരത്തെ ജനതയുടെ സങ്കടങ്ങള്‍ മാറ്റും. മലയോര മേഖലയിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും വേദനകളും ഹൃദയത്തിലേറ്റിയാണ് കരുവഞ്ചാലില്‍ നിന്നും ആരംഭിച്ച മലയോര സമരയാത്ര അമ്പൂരിയില്‍ അവസാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മലയോര സമര യാത്രയുടെ ഭാഗമായി തിരുവനന്തപുരം അമ്പൂരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജനതയുടെ കണ്ണീരൊപ്പാനുള്ള തീഷ്ണ പ്രയത്‌നത്തിന് ഐക്യജനാധിപത്യ മുന്നണി തുടക്കം കുറിക്കുമെന്ന പ്രഖ്യാപനത്തെടെയാണ് ജാഥ അവസാനിക്കുന്നത്. മലയോര ജനതയുടെ സങ്കടങ്ങള്‍ മാറ്റുക തന്നെ ചെയ്യും. എല്ലായിടത്തും ഭീതിയാണ്. ഞങ്ങള്‍ ബത്തേരിയില്‍ എത്തിയപ്പോള്‍ അഞ്ച് കടുവകള്‍ ഇറങ്ങിയിരിക്കുകയാണ്. എങ്ങനെയാണ് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടുന്നതും സാധാരണക്കാര്‍ ജോലിക്ക് പോകുന്നത്. കൃഷി സ്ഥലത്ത് ഇറങ്ങാനോ ആശുപത്രിയില്‍ പോകാനോ സാധിക്കില്ല. വീട്ടില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ഇറങ്ങിയാല്‍ തിരിച്ചെത്തുന്നതു വരെ ആധിയാണ്.
വയനാട്ടില്‍ 9 പേരെയാണ് കടുവകള്‍ കടിച്ചു കൊന്നത്. ആറളത്ത് 17 പേരെ ആനകള്‍ ചവിട്ടിക്കൊന്നു. ഇത് കേരളം മുഴുവന്‍ നടക്കുകയാണ്. എന്നിട്ടും വന്യജീവി ആക്രമണങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ പ്രസംഗിപ്പിച്ചത്. ആറേഴു വര്‍ഷമായി ആറു പതിനായിരത്തിലധികം വന്യജീവി ആക്രമണങ്ങളാണ് ഉണ്ടായത്. ആയിരത്തില്‍ അധികം പേര്‍ മരിച്ചു. എണ്ണായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു. എന്നിട്ടാണ് ആക്രമണങ്ങള്‍ കുറയുകയാണെന്ന് സര്‍ക്കാര്‍ പറയുന്നത്.
മലയോരത്ത് കൃഷി പൂര്‍ണമായും നശിച്ചു. മലയോരത്ത് എറ്റവും അധികമുണ്ടായിരുന്നത് കിഴങ്ങു കൃഷിയാണ്. എന്നാല്‍, ചേനയും ചേമ്പും കപ്പയും നടാനാകാത്ത അവസ്ഥയാണ്. കുരങ്ങന്‍ വന്ന് നാളികേരം ഇട്ടുകൊണ്ടു പോകും. ആന വാഴ നശിപ്പിക്കും. കടുവയും പുലിയും കാട്ടുപോത്തുമെല്ലാം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകായണ്. എന്തു വേണമെങ്കിലും സംഭവിക്കാം. ഭീതിയാണ്. ഇതിന് ഒരു പരിഹാരം വേണ്ടേ? പരിഹാരമാര്‍ഗങ്ങള്‍ കൂടി നിര്‍ദേശിച്ചു കൊണ്ടാണ് യു.ഡി.എഫ് ജാഥ നടത്തുന്നത്. കിടങ്ങുകളും മതിലുകളും ഇലക്ട്രിക് ഫെന്‍സിങും ഉള്‍പ്പെടെയുള്ള പരമ്പരാഗതമായ നിരവധി പ്രതിരോധ സംവിധാനങ്ങളുണ്ട്. അത് ഏറ്റവും ഭംഗിയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും കഴിഞ്ഞ നാല് വര്‍ഷമായി ഒരു രൂപ പോലും ഈ സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. മലയോരത്തെ ജനങ്ങളെ ഈ സര്‍ക്കാര്‍ അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ നാലായിരത്തോളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ട്.
മാനന്തവാടിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ പറഞ്ഞത് ഞാന്‍ അനാഥയായെന്നും ഇനി വന്യജീവി ആക്രമണം ഉണ്ടാകില്ലെന്നും എന്നെപ്പോലെ ഒരു കുഞ്ഞ് അനാഥയാകില്ലെന്നും ഉറപ്പു നല്‍കാന്‍ പറ്റുമോ എന്നുമാണ്. ചങ്ക് പറിയുന്ന ചോദ്യമാണ് ആ കുഞ്ഞ് ചോദിച്ചത്. ആ കുട്ടിയുടെ മുഖം ഇപ്പോഴും എന്‍റെ മനസിലുണ്ട്. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കാനാകില്ല. പരമ്പരാഗതമായ പ്രതിരോധ സംവിധാനങ്ങള്‍ സമയബന്ധിതമായി ഏര്‍പ്പെടുത്താനും അതിനു വേണ്ടി ബജറ്റില്‍ പണം വകയിരുത്താനും സര്‍ക്കാര്‍ തയാറാകണം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആധുനികമായ പ്രതിരോധ സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും അറിയാത്തത് കേരള സര്‍ക്കാരും ഇവിടുത്തെ വനം വകുപ്പും മാത്രമാണ്.
കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ 29 ശതമാനവും വനമാണ്. ഇത് ദേശീയ ശരാശരിയെക്കാല്‍ കൂടുതലാണ്. ആ വനം സംരക്ഷിക്കണമെന്നതില്‍ നമുക്കെല്ലാം ഉറച്ച നിലപാടാണുള്ളത്. എന്നാല്‍ വീണ്ടും ജനവാസ കേന്ദ്രങ്ങള്‍ വനമാക്കാനുള്ള നീക്കം നടക്കുകയാണ്. മനുഷ്യന്‍ എങ്ങോട്ടു പോകും? മലയോര മേഖലയിലെ ജനങ്ങള്‍ കുടിയിറങ്ങണോ? കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലും കാലാനുസൃതമായ മാറ്റം വേണം. അതിനു വേണ്ടി യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തും. കഴിഞ്ഞ മൂന്നര വര്‍ഷക്കാലവും പ്രതിപക്ഷം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ഉന്നയിച്ച വിഷയവും മലയോര മേഖലയിലെ ജനങ്ങളുടെ സങ്കടങ്ങളും തീരദേശത്തെ പാവങ്ങളുടെയും വിഷമങ്ങളാണ്. ആറ് അടിയന്തര പ്രമേയങ്ങളാണ് മലയോര ജനങ്ങള്‍ക്കു വേണ്ടി കൊണ്ടു വന്നത്. എന്നിട്ടും സര്‍ക്കാറിന് നിസംഗതയാണ്. ഞാന്‍ വനം മന്ത്രി ആയതു കൊണ്ടാണോ ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന മന്ത്രിയാണ് നമുക്കുള്ളത്. അതുകൊണ്ടാണ് മയക്കുവെടി കൊണ്ടത് ആനക്കാണോ മന്ത്രിക്കാണോയെന്ന് സംശയമുണ്ടെന്ന് റോജി എം. ജോണ്‍ നിയമസഭയില്‍ പറഞ്ഞത്. എന്നിട്ടും ഒരു അനക്കവുമില്ല. മയക്കുവെടി കൊണ്ടതു പോലെ സര്‍ക്കാര്‍ ഇരിക്കുകയാണ്. പരിഹാരം ഉണ്ടാക്കിയെ മതിയാകൂ.
ബഫര്‍ സോണിന്‍റെ പേരിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്. വനാതിര്‍ത്തി തന്നെയാണ് ബഫര്‍ സോണ്‍ എന്ന് തമിഴ്‌നാട് പറഞ്ഞിട്ടും അത്തരമൊരു തീരുമാനം എടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായില്ല. ജനങ്ങള്‍ അനുഭവിക്കട്ടെയെന്ന നിലപാടാണ്. മലയോരത്തെ ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മാത്രമല്ല നിങ്ങള്‍ ഒറ്റക്കല്ല ഞങ്ങള്‍ ഒപ്പമുണ്ടെന്നു കൂടി പറയുന്നതിനു വേണ്ടിയാണ് യു.ഡി.എഫ് മലയോര സമരയാത്ര നടത്തിയത്. നിങ്ങളുടെ സങ്കടങ്ങള്‍ പരിഹാരം ഉണ്ടാകുന്നതു വരെ ഐക്യജനാധിപത്യ മുന്നണി നിങ്ങളോടൊപ്പം ഉണ്ടാകും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി കൊടുങ്കാറ്റു പോലെ തിരിച്ചു വരുമ്പോള്‍ നമ്മള്‍ ഇതിനെല്ലാം പരിഹാരമുണ്ടാക്കും. മലയോരത്തെ ജനതയുടെ സങ്കടങ്ങള്‍ യു.ഡി.എഫ് മാറ്റും. മുഖ്യമന്ത്രി പറയുന്നതു പോലെ പഴയ ചാക്കിന്‍റെ വിലയുള്ള വാക്കല്ലിത്. ഈ വാക്ക് തരാന്‍ വേണ്ടിയാണ് ഈ ജാഥയുമായി ഇവിടെ എത്തിയത്. കരുവഞ്ചാലില്‍ നിന്നും യാത്ര ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്ര വലിയ പ്രതികരണമാണ് മലയോരത്തെ ജനങ്ങളില്‍ നിന്നും ഉണ്ടായത്. രാഷ്ട്രീയത്തിനും അപ്പുറം ഒരു ജനപഥത്തിന്‍റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു യാത്ര നടത്തിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.