വിസ്മയങ്ങൾ തെളിയുമോ?... സതീശന്റെ ആദ്യ ബജറ്റ് ഇന്ന്
text_fieldsതിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിന് കാതോർത്ത് കേരളം. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് അവതരിപ്പിക്കും.
എൽ.ഡി.എഫ് സര്‍ക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും സതീശന്‍ അവതരിപ്പിക്കുക. കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച് പാസാക്കിയ ബജറ്റിൽ 35,000 കോടിയുടെ പ്ലാൻ മുന്നോട്ടുവെച്ചിരുന്നു.
സദ്ഭരണവും സഹാനുഭൂതിയും എന്ന പ്രമേയത്തിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണമെന്നാണ് സൂചന. കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് ഉൾപ്പെടെ ഇന്ദിര ഗാരന്റി വാഗ്ദാനങ്ങളിലെ തുടർനടപടികൾ ഉൾപ്പെടെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭരണത്തിലേറി ഒരുമാസത്തിനുള്ളിൽ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഉൾപ്പെടെ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കിയ യു.ഡി.എഫ് സർക്കാർ വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് വരുന്നത്.
കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാല്‍ വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിൽ ഉണ്ടായേക്കും. കിഫ്ബി പുനഃസംഘടന, അധിക വിഭവസമാഹരണത്തിനുള്ള വഴികൾ, നികുതി ചോർച്ച തടയലും കുടിശ്ശിക പിരിച്ചെടുക്കലും, ചെലവ് ചുരുക്കൽ തുടങ്ങിയവയെല്ലാം പരിഗണിച്ചേക്കും.
‘മിഷന്‍ സമുദ്ര’ അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധന, ശമ്പള പരിഷ്‌കരണം, ക്ഷേമപെന്‍ഷന്‍ വര്‍ധന, ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കൽ, ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് തുടങ്ങിയവയിൽ എന്ത് നിലപാടെടുക്കുമെന്ന് കണ്ടറിയണം. കിഫ്ബിയില്‍ ഭരണതലത്തിലും നിയമനത്തിലും പരിഷ്‌കാരം വരുത്താനിടയുണ്ട്.
ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി മാറും സതീശൻ. മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കവെ തന്നെ ധനകാര്യ വകുപ്പിന്റെ പൂർണ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിച്ചവരാണ് മൂവരും.
മുഖ്യമന്ത്രിയായിരിക്കെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആർ. ശങ്കറാണ്. 1963-64, 1964-65 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകളാണ് അവതരിപ്പിച്ചത്. 2016-17 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി അവതരിപ്പിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയെ തുടർന്ന് ധനവകുപ്പ് ഏറ്റെടുക്കുകയായിരുന്നു ഉമ്മൻചാണ്ടി. ധനമന്ത്രി മാത്രമായും ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ നേതൃത്വത്തിൽ 1991ൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാറിൽ ഉമ്മൻചാണ്ടി നാല് തവണ ബജറ്റ് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

