ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നഗരത്തിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണ്. നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നത്.
എസ്.എഫ്.ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് 'രക്ഷാപ്രവർത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തന്റെ ഔദ്യോഗിക വാഹനത്തിൽ വന്ന് ഇടിച്ചെന്ന് ഗവർണർ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

