മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി വിധി സ്വാഗതം ചെയ്ത് വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവ് സ്വാഗതംചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുനമ്പത്തെ ഭൂമിയില്‍ താമസക്കാര്‍ക്ക് അവകാശമുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമാണ് പ്രതിപക്ഷവും മുസ്ലിം-ക്രൈസ്തവ സംഘടനകളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്. 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ അനുസരിച്ച് ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ലെന്ന് ഇന്നത്തെ വിധിയിലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്ത് പ്രശ്നമുണ്ടാക്കിയത് സര്‍ക്കാറും അവര്‍ നിയോഗിച്ച വഖഫ് ബോര്‍ഡുമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതാണ് മുനമ്പത്തെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയത്. ഭൂമി കൈമാറി 69 വര്‍ഷത്തിനുശേഷം 2019ല്‍ വഖഫാണെന്ന് പ്രഖ്യാപിച്ച സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടി ഏകപക്ഷീയമാണെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമി വഖഫ് അല്ലെന്ന് അത് നല്‍കിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫാറൂഖ് കോളജ് മാനേജ്മെന്റും വഖഫ് ട്രൈബ്യൂണലില്‍ നിലപാടെടുത്തിട്ടും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെക്കൊണ്ട് ഹൈകോടതിയില്‍ കേസ് കൊടുപ്പിച്ച് ട്രൈബ്യൂണലിന്റെ തുടര്‍പ്രവര്‍ത്തനം സ്റ്റേ ചെയ്തു. പ്രശ്നപരിഹാരത്തിന് സാഹചര്യമുണ്ടായിട്ടും പിന്നില്‍നിന്ന് കുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വഖഫ് ഭേദഗതിനിയമം പാസാക്കിയാല്‍ മുനമ്പത്തെ ഭൂപ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. രണ്ട് മതവിഭാഗം തമ്മിലുള്ള പ്രശ്നമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ അജണ്ടക്ക് കുടപിടിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

