ഒടുവിൽ വിഴിഞ്ഞം ഉദ്ഘാടനത്തിന് വി.ഡി. സതീശന് ക്ഷണം
text_fieldsതിരുവനന്തപുരം: വിവാദമായതിന് പിന്നാലെ വിഴിഞ്ഞം തുറമുഖ കമീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം ലഭിച്ചു. ചടങ്ങിന് ക്ഷണിച്ചുകൊണ്ടുള്ള കത്ത് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എത്തിച്ചു.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. വിഴിഞ്ഞം ഉദ്ഘാടനം സർക്കാറിന്റെ വാർഷിക പരിപാടിയാണോയെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. തിരുവനന്തപുരം എം.പി ശശി തരൂരിനും എം.എൽ.എ വിൻസന്റിനും നേരത്തേ ക്ഷണം ലഭിച്ചിരുന്നു.
ബി.ജെ.പിയെ ക്ഷണിച്ചിട്ടും പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് അന്തർധാരയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ സർക്കാർ വാർഷികം പ്രതിപക്ഷം ബഹിഷ്‍കരിക്കുന്നതിനാലാണ് വിളിക്കാത്തത് എന്നായിരുന്നു സർക്കാറിന്റെ വിശദീകരണം.
വിഴിഞ്ഞം ട്രയൽ റണ്ണിനും പ്രതിപക്ഷ നേതാവിനെ വിളിച്ചിരുന്നില്ല. അന്നത് വാർത്തയായപ്പോൾ വലിയ ആഘോഷം വരികയല്ലേ അപ്പോൾ വിളിക്കും എന്നായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് കാരണക്കാരൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്നും യു.ഡി.എഫ് സർക്കാറിനെ ഓർമിപ്പിച്ചിരുന്നു. അതിനിടെ വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. വേദിയിലിരിക്കുന്നവരെ തീരുമാനിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാനം കൊടുത്ത ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

