അടിച്ചുമാറ്റാതിരിക്കാൻ അയ്യപ്പ വിഗ്രഹത്തെ സംരക്ഷിക്കണമെന്ന് വി.ഡി. സതീശൻ; ‘സ്വര്‍ണക്കവര്‍ച്ചക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൂട്ടുനിന്നു’
text_fieldsഅടിമാലി: ഇടനിലക്കാരനെ കൂട്ടുപിടിച്ച് ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡും കൂട്ടുനിന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണപാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയതിൽ ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും കൃത്യമായ പങ്കുണ്ട്. അയ്യപ്പ വിഗ്രഹത്തെ പോലും ഇവരില്‍ നിന്നും സംരക്ഷിക്കേണ്ട അവസ്ഥയാണ്.
ശബരിമലയില്‍ നിന്നും ഇവര്‍ എന്തൊക്കെ അടിച്ചുമാറ്റിയെന്നും പരിശോധിക്കണം. ചെമ്പ് പാളിയിൽ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. അടിയന്തരമായി സ്വര്‍ണം കവര്‍ന്ന ഉത്തരവാദികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തത് സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തുവരികയാണ്. ചെമ്പ് പാളികള്‍ മാത്രമെ എത്തിയിട്ടുള്ളെന്നാണ് പണി ഏറ്റെടുത്ത കമ്പനി പറയുന്നത്. സ്വര്‍ണം ഇവിടെ വച്ച് തന്നെ അടിച്ചു മാറ്റി ചെമ്പ് പാളികള്‍ മാത്രം ചെന്നൈയില്‍ എത്തിച്ചെന്നാണ് അതിന്റെ അർഥം. സ്വര്‍ണപാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടു പോയതിനു ശേഷം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിച്ചതെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്രയും ദിവസം സ്വര്‍ണപാളികള്‍ എവിടെയായിരുന്നു? അതുപോലുള്ള ചെമ്പ് മോള്‍ഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഇത്രയും ദിവസം.
ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ മാത്രമെ ശബരിമലയില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ പാടുള്ളൂ. സ്വര്‍ണം പൂശണമെങ്കില്‍ ക്ഷേത്രപരിസരിത്ത് വച്ച് തന്നെ അത് ചെയ്യണം. പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ല. പുറത്തേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത് ആരാണ്? ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഇതില്‍ കൃത്യമായ പങ്കുണ്ട്. അയ്യപ്പ വിഗ്രഹത്തെ പോലും ഇവരില്‍ നിന്നും സംരക്ഷിക്കേണ്ട അവസ്ഥയാണ്. ശബരിമലയില്‍ നിന്നും ഇവര്‍ എന്തൊക്കെ അടിച്ചുമാറ്റിയെന്നും പരിശോധിക്കണം.
കോടിക്കണക്കിന് അയ്യപ്പഭക്തരെ ഞെട്ടിച്ച സംഭവമാണിത്. കളവ് നടന്നിട്ടുണ്ടെന്നും സുതാര്യതയില്ലായിരുന്നെന്നും വ്യക്തമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്വര്‍ണപാളികള്‍ കൊണ്ടു പോയതെന്നും സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നതും കൃത്യമാണ്. ചെമ്പില്‍ നിന്നും സ്വര്‍ണം എടുത്തുമാറ്റാന്‍ സാധിക്കുന്ന സാങ്കേതിക പ്രക്രിയയിലൂടെയാണ് പൂശല്‍ നടത്തിയിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ സ്വര്‍ണം അടിച്ചുമാറ്റാന്‍ സാധിക്കുന്ന പ്ലാനിങ് അനുസരിച്ചുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.
എന്നിട്ടും ഇയാളെ ഇത്രയും കാലം ആരാണ് സംരക്ഷിച്ചത്. ആരും അറിഞ്ഞില്ലെന്ന് പറയുന്നത് തെറ്റാണ്. ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടും റിപ്പോര്‍ട്ട് മൂടിവച്ചത് ആരാണ്? ആരെ സഹായിക്കാനാണ് മൂടിവച്ചത്. അടിയന്തരമായി സ്വര്‍ണം കവര്‍ന്ന ഉത്തരവാദികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. ഇപ്പോള്‍ നടക്കുന്നത് നടപടിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണമാണ്. ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റിയിരിക്കുകയാണ്. വളരെ ഗൗരവത്തോടെയാണ് കേരളം കാണുന്നത്.
ഇടനിലക്കാരന്‍ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്. ഈ ഇടനിലക്കാരനെ കൂട്ടുപിടിച്ച് ശബരിമലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ എല്ലാവരും അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവച്ച് പോകേണ്ടതാണ്. സ്വയം രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ദേവസ്വം പ്രസിഡന്റ് 2009 മുതല്‍ അന്വേഷിക്കണമെന്ന് പറയുന്നത്. 40 വര്‍ഷം വാറന്റിയുണ്ടായിരുന്ന സ്വര്‍ണപാളി 2019ല്‍ എടുത്ത് കൊണ്ട് പോയത് എന്തിനാണ്? സ്വയരക്ഷക്ക് വേണ്ടിയാണ് 30 വര്‍ഷത്തെ അന്വേഷണം വേണമെന്ന് പറയുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അതില്‍ പങ്കുണ്ട്. സ്വര്‍ണം പോയെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സര്‍ക്കാരും അതിന് കൂട്ടുനിന്നു. അയ്യപ്പന്റെ കിലോക്കണക്കിന് സ്വര്‍ണമാണ് ശബരിമലയില്‍ നിന്നും അടിച്ചു മാറ്റിയത്. സത്യസന്ധരായ ജി. സുധാകരന്റെയും അനന്തഗോപന്റെയും പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ എവിടെയാണ് കള്ളന്മാരുള്ളതെന്ന് മനസിലാകും. 2019 മുതല്‍ 2025 വരെ നടത്തിയ ഇടപാടുകള്‍ നോക്കിയാല്‍ അവിടെ തന്നെയാണ് കള്ളന്മാരുള്ളതെന്ന് മനസിലാകും. വീണ്ടും സ്വര്‍ണപാളിയും ദ്വാരപാലക ശില്‍പവും കൊണ്ടു പോകുകയാണ്. ഇവര്‍ ഇരിക്കുന്ന കാലത്തോളം അയ്യപ്പ വിഗ്രഹത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

