2018ലെ പ്രളയത്തില്‍ പാലവും വീടും തകര്‍ന്നു, ആറു വര്‍ഷമായി മുണ്ടേരി ഉള്‍വനത്തില്‍; ദുരിതത്തിലായ ആദിവാസികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
text_fieldsമുണ്ടേരി വനത്തിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ച് വി.ഡി. സതീശൻ
നിലമ്പൂര്‍: പ്രളയത്തില്‍ പാലവും വീടും തകര്‍ന്ന് ആറ് വര്‍ഷമായി മുണ്ടേരി ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡുകളില്‍ ദുരിത ജീവിതത്തിലായ ആദിവാസി കുടുംബങ്ങളെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെത്തി.
കുത്തിയൊഴുകുന്ന ചാലിയാറിന് കുറുകെ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കയറിയാണ് പ്രതിപക്ഷ നേതാവ് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍, എം. വിന്‍സെന്റ് എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി, യു.സി. രാമന്‍, ഇസ്മാഈല്‍ മൂത്തേടം തുടങ്ങിയവർ എത്തിയത്. കഴിഞ്ഞ മാസം ജനിച്ച കൈക്കുഞ്ഞും ഗര്‍ഭിണികളും വരെ പ്ലാസ്റ്റിക് ഷെഡിനകത്ത് കഴിയുന്നത് വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പാലം പണി വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ആറ് വര്‍ഷമായിട്ടും പ്രളയ ദുരന്തത്തിനിരയായ നിലമ്പൂര്‍ വനത്തിനുള്ളിലെ മുന്നൂറോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കാത്തത് മനുഷ്യത്വരഹിതമാണ്. എന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന പാലവും വീടും ആറ് വര്‍ഷമായിട്ടും പുനര്‍നിര്‍മിക്കാന്‍ കഴിയാത്തതാണ് ഇടത് സര്‍ക്കാറിന്റെ വികസന നേട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂര്‍ ഉള്‍വനത്തില്‍ പ്രളയ ദുരിതതത്തില്‍ നിന്നും മോചനമില്ലാത്ത ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി. രാജു തുരുത്തേല്‍, ഉബൈദ് കാക്കീരി എന്നിവരും സന്നിഹിതരായിരുന്നു.
2018ലെ പ്രളയത്തില്‍ പുന്നപ്പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലവും വീടുകളും തകര്‍ന്നതോടെ വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ കോളനിക്കാര്‍ ഒറ്റപ്പെട്ടു. 2019ലെ പ്രളയത്തില്‍ കരിമ്പുഴ ഗതിമാറി ഒഴുകി കരുളായി പഞ്ചായത്തിലെ വട്ടിക്കല്ല്, പുലിമുണ്ട കോളനിക്കാര്‍ക്കും വീടുകള്‍ തകര്‍ന്ന് ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മേഞ്ഞ ഷെഡുകളിലാണ് താമസം. വാണിയമ്പുഴ ഉന്നതിയിലെ സുധ വാണിയമ്പുഴയും ആര്യാടന്‍ ഷൗക്കത്തും ഹൈകോടതിയില്‍ പൊതുതാല്‍പര്യഹരജി നല്‍കിയതിനെ തുടർന്ന് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ള സൗകര്യവും ബയോടോയിലറ്റുകളും അടക്കം ചെറിയ സൗകര്യങ്ങളെങ്കിലും ലഭിച്ചത്.
കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരാണ് വനത്തിനുള്ളില്‍ കഴിയുന്ന ഇവര്‍ക്ക് പാലവും റോഡും അടച്ചുറപ്പുള്ള കോണ്‍ക്രീറ്റ് വീടുകളും വൈദ്യുതിയും നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

