Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അടുത്ത അഞ്ചു വർഷം...

‘അടുത്ത അഞ്ചു വർഷം കേരളത്തിന്‍റെ സുവർണകാലമായി മാറട്ടെ...’; എ.കെ. ആന്‍റണിയെ കണ്ട് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചു. ആന്‍റണിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ചു വർഷം കേരളത്തിന്റെ സുവർണകാലമായി മാറട്ടെ എന്ന് ആന്റണി ആശംസിച്ചു.

ഏറ്റവും നിർണായകമായ ഒരുകാലഘട്ടത്തിൽ വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ സതീശന് സാധിക്കട്ടെ. കേരളത്തെ നയിക്കാനുള്ള നിയോഗം യു.ഡി.എഫ് വി.ഡി. സതീശന് നൽകിയതിൽ അതിയായ സന്തോഷമുണ്ട്. ഹൈകമാൻഡ് തീരുമാനത്തെ പൂർണമായി പിന്താങ്ങുന്നു, സന്തോഷത്തോടെ സ്വീകരിക്കുന്നു. ആർപ്പ് വിളിച്ചവർ കല്ലെറിയുന്ന സാഹചര്യം ഇനിയും ആവർത്തിക്കരുതെന്നും ആന്‍റണി പറഞ്ഞു. അതേസമയം, കേരളം സാമ്പത്തികമായി തരിപ്പണമായ അവസ്ഥയിലാണെന്ന് ആന്റണി ഓർമിപ്പിച്ചു.

2001ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്. ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നൽകണം. ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ചില 'കൈപ്പുനീർ' കുടിക്കേണ്ടി വരും. ആ സമയത്ത് സതീശനെ പിന്തുണക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയിൽനിന്ന് രക്ഷിക്കാൻ സതീശനും യു.ഡി.എഫിനും സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ആന്റണി, തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച അധികാരമേൽക്കും. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ഹൈകമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും ശക്തമായ മത്സരങ്ങളെയും അതിജീവിച്ചാണ് പറവൂരിൽ നിന്നുള്ള ഈ ജനനായകൻ സംസ്ഥാനത്തിന്റെ അമരത്തെത്തുന്നത്. നിയമസഭാ കക്ഷിയോഗത്തിൽ ഭൂരിഭാഗം എം.എൽ.എമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചെങ്കിലും, സംസ്ഥാനത്തെ പൊതുവികാരം സതീശന് അനുകൂലമാണെന്ന തിരിച്ചറിവാണ് ഹൈകമാൻഡിനെ ഈ തീരുമാനത്തിൽ എത്തിച്ചത്. ഘടകകക്ഷികളുടെ പൂർണ പിന്തുണയും മൂന്ന് മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും സതീശന്റെ സ്ഥാനലബ്ധിയിൽ നിർണായകമായി.

ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി ഒരു മാറ്റം ആഗ്രഹിച്ച പാർട്ടി പ്രവർത്തകർക്കും ഈ തീരുമാനം വലിയ ആവേശമാണ് നൽകുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം സഭക്കകത്തും പുറത്തും വി.ഡി. സതീശൻ കാഴ്ചവെച്ച മികച്ച പ്രകടനവും ഇടതുപക്ഷ ഭരണത്തോടുള്ള ജനരോഷം വോട്ടാക്കി മാറ്റാൻ യു.ഡി.എഫിനെ സജ്ജമാക്കിയ നേതൃപാടവവുമാണ് അദ്ദേഹത്തിന് തുണയായത്. മുതിർന്ന നേതാക്കളെയും യുവനിരയെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇനി പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK AntonyVD Satheesan
News Summary - V.D. Satheesan visits A.K. Antony
Next Story