Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡിലെ കുഴിയില്‍ വീണ്...

റോഡിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

കൊച്ചി: നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്റെ കുടുംബത്തിന് ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹാഷിമിന്റെ കുട്ടികളും ഭാര്യയും അടങ്ങുന്ന ഒരു കുടുംബമാണ് അനാഥമായത്. അവരെ സഹായിച്ചേ മതിയാകൂ. ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ എം.എല്‍.എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രദീപ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. എന്തു ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത ഉണ്ടാകണമെങ്കില്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുക്കണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണുമരിച്ച ഹാഷിമിന്റെ മാഞ്ഞാലിയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


റോഡിലെ കുഴികള്‍ മരണഗര്‍ത്തങ്ങളായി മാറുകയാണ്. ദേശീയ കുഴിയെത്ര, സംസ്ഥാന കുഴിയെത്ര എന്നതാണ് ഇവിടുത്തെ ചര്‍ച്ച. ദേശീയ കുഴി ആയാലും സംസ്ഥാന കുഴി ആയാലും വീഴുന്നത് മനുഷ്യരാണ്. റോഡുകളുടെ അവസ്ഥ അപകടകരമായ നിലയിലേക്ക് പോകുന്നു എന്നതു കൊണ്ടാണ് ഈ വിഷയം നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ പൊതുമരാമത്ത് മന്ത്രി അതിനെ പരിഹാസത്തോടെയാണ് കണ്ടതെന്നും സതീശൻ കുറ്റപ്പെടുത്തി.

കുഴിയില്‍ വീണ് പരിക്കേറ്റ അങ്കമാലി സ്വദേശി പ്രദീപ് ഇപ്പോഴും ആശുപത്രിയിലാണ്. കൈയും കാലും ഒടിഞ്ഞ് നിരവധി പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കുഴികളുടെ എണ്ണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. കുഴികള്‍ നികത്തി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പ് ആദ്യം ചെയ്യേണ്ടത്. യഥാർഥ പ്രശ്‌നത്തില്‍ നിന്നും വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്.

നാഷണല്‍ ഹൈവെ അതോറിറ്റിക്ക് കൈമാറിയ നാഷണല്‍ ഹൈവെകളും കൈമാറാത്ത നാഷണല്‍ ഹൈവേകളും കേരളത്തിലുണ്ട്. അതോറിറ്റിക്ക് കൈമാറാത്ത നാഷണല്‍ ഹൈവേകള്‍ പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗത്തിന് കീഴിലാണ്. ഇതിനായി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തോളം ഉദ്യോഗസ്ഥരെ പി.ഡബ്ല്യു.ഡി നിയമിച്ചിട്ടുമുണ്ട്. ദേശീയപാതയുടെ ഹരിപ്പാട്- കായംകുളം ഭാഗം പി.ഡബ്ല്യു.ഡിക്ക് കീഴിലാണ്. ഈ റോഡ് ടെന്‍ഡര്‍ ചെയ്തതും പി.ഡബ്ല്യു.ഡിയാണ്. ഗ്യാരന്റി പീരീഡിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ഉത്തരവാദിത്തവും പൊതുമരാമത്ത് വകുപ്പിനാണ്. പരിചയക്കുറവ് കൊണ്ടാകാം അങ്ങനെയൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത്.

മഴക്ക് മുന്‍പ് പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴി അടയ്ക്കാനുള്ള ഒരു ശ്രമവും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല. പ്രീ മണ്‍സൂണ്‍ വര്‍ക്ക് കേരളത്തില്‍ ഒരിടത്തും നടന്നിട്ടില്ല. പുതുതായി രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗവും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. ദേശീയപാത അതോറിറ്റിക്ക് കൈമാറിയ റോഡുകളില്‍ കേന്ദ്ര സര്‍ക്കാരും അറ്റകുറ്റപ്പണി നടത്തുന്നില്ല. അതുകൊണ്ടാണ് ടോള്‍ പിരിക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കലക്ടര്‍മാരോട് ആവശ്യപ്പെട്ടത്. കുഴി അടക്കാന്‍ പോലും തയാറല്ലെങ്കില്‍ എന്തിനാണ് ടോള്‍ പിരിക്കുന്നത്. ഇക്കാര്യം കലക്ടര്‍മാരുമായി സംസാരിച്ചു. നോട്ടീസ് നല്‍കിയിട്ടും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് എറണാകുളം കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രമന്ത്രിമാരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചില്ലെന്ന് പറഞ്ഞതിലൂടെ സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടിട്ട് പ്രതിപക്ഷ നേതാവിന് മറുപടിയുമായി വരരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

വി.സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി നിയമപരമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഏത് സമയത്തും അവസാനിക്കാവുന്നതാണ്. കേരള സര്‍വകലാശാല വി.സിയെ കണ്ടെത്താന്‍ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമായ നടപടിയാണ്.

ഓര്‍ഡിനന്‍സ് വരുമെന്നത് പത്രവാര്‍ത്ത മാത്രമാണ്. അതുകൊണ്ടു തന്നെ സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഗവര്‍ണര്‍ ഒപ്പിട്ടു. നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സ് ദീര്‍ഘിപ്പിക്കാന്‍ ഗവര്‍ണര്‍ ഇനിയും തയാറാകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Show Full Article
TAGS:V.D. Satheesanroad gutter
News Summary - V.D. Satheesan visit Hashim family
Next Story