‘ലീഗിന്‍റേത് ഉറച്ച മതേതര നിലപാട്, യു.ഡി.എഫിന്‍റെ ശക്തി കേന്ദ്രം...’; ലീഗ് നേതാക്കളെ കണ്ട് നന്ദി പറഞ്ഞ് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗ് നേതാക്കളെ കണ്ട് നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും യു.ഡി.എഫ് രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണെന്നും സതീശന്‍ പ്രതികരിച്ചു.
നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു കാലത്തും ഇല്ലാത്ത തരത്തിൽ ടീം യു.ഡി.എഫായാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഒരു പാർട്ടി പ്രവർത്തിക്കുന്ന പോലെയാണ് നിയമസഭക്ക് അകത്തും പുറത്തും പ്രവർത്തിച്ചത്. അതിന് എല്ലാം പിന്തുണയും തന്നത് സാദിഖലി ശിഹാബ് തങ്ങളാണ്. ഞങ്ങളെടുത്ത മതേതര നിലപാടും ജനം അംഗീകരിച്ചു. അതിന്‍റെ പിൻബലവും സാദിഖലി തങ്ങളായിരുന്നു. കേരളത്തിലൊരു വിദ്വേഷ പ്രചാരണം നടത്തി ഭിന്നിപ്പുണ്ടാക്കാൻ പല ശക്തികളും ശ്രമിച്ചു. ഞാൻ അവരുടെയൊന്നും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. പള്ളുരുത്തി, മുനമ്പം വിഷയങ്ങളിൽ അതുണ്ടായിരുന്നു. എന്നെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് മുസ്ലിം ലീഗും തങ്ങളും എടുത്ത നിലപാട്. പള്ളുരുത്തി, മുനമ്പം വിഷയങ്ങളൊക്കെ കേരളത്തിൽ വേണമെങ്കിൽ ആളിക്കത്തി ശത്രുതയുണ്ടാക്കാമായിരുന്നു. അതിന്‍റെ തീ കെടുത്തിയത് സാദിഖലി തങ്ങളാണ്. ഒരു വർഗീയ വിദ്വേഷ പരാമർശം പോലും ഒരു മുസ്ലിം ലീഗ് നേതാവും നടത്തിയിട്ടില്ല. ടീം യു.ഡി.എഫിന്‍റെ പ്രവർത്തനത്തിന് തങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ച പിന്തുണക്ക് നന്ദി പറയാൻ കൂടിയാണ് വന്നത്’ -സതീശൻ പറഞ്ഞു.
മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ചർച്ചകൾ തുടരുകയാണ്. വിദ്യാഭ്യാസം വിട്ടു നൽകണമെന ആവശ്യം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തങ്ങൾ കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാനുള്ള ഉഭയകക്ഷി ചർച്ച കന്‍റോൺമെന്‍റ് ഹൗസിൽ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച പൂർണ മന്ത്രിസഭതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രിയോടെ തന്നെ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. ഞായറാഴ്ച ഉച്ചയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഒരു എം.എൽ.എമാർ മാത്രമുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകിയേക്കും.
കോൺഗ്രസിന് 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് ലഭിക്കുക. സാമുദായിക പരിഗണനയും സീനിയോറിറ്റിയും ജില്ല പ്രാതിനിധ്യവുമടക്കം പരിഗണിച്ചാകും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക. കെ. മുരളീധരൻ, എൻ. ശക്തൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, എം. ലിജു, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ടി. സിദ്ദീഖ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എം. വിൻസെന്‍റ്, എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, വി.ടി. ബൽറാം എന്നിങ്ങനെ കോൺഗ്രസിലെ സാധ്യത പട്ടിക നീളുകയാണ്.
ഇത്തവണയും അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്നാണ് മുസ്ലിം ലീഗിന്‍റെ ഉറച്ച പ്രതീക്ഷ. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ശേഷിക്കുന്ന ഒന്നിൽ പാറക്കൽ അബ്ദുല്ലയോ എം.കെ.എം.അഷ്റഫോ ആകുമെന്നാണ് സൂചന. കേരള കോൺഗ്രസിൽനിന്ന് ജോസഫ് വിഭാഗം രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം, ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ഒരു പദവിയും നൽകിയേക്കുമെന്നാണ് വിവരം. മന്ത്രിപദവിയിലേക്ക് മോൻസ് ജോസഫിനാണ് ഒന്നാം പരിഗണന. ഏഴുപേരാണ് ജോസഫ് വിഭാഗത്തിന് നിയമസഭയിലുള്ളത്.
മൂന്ന് അംഗങ്ങളുള്ള ആർ.എസ്.പിയിൽനിന്ന് ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് -ജേക്കബ് വിഭാഗത്തിൽ അനൂപ് ജേക്കപ്, സി.എം.പിയിൽനിന്ന് സി.പി. ജോൺ, കെ.ഡി.പിയിൽനിന്ന് മാണി സി. കാപ്പൻ എന്നിവർ മന്ത്രിമാരാകും. യു.ഡി.എഫിലെ അസോസിയേറ്റ് അംഗമായ കെ.കെ. രമ മന്ത്രി സ്ഥാനത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ആർ.എം.പിക്ക് താൽപര്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടിലേക്കെത്തിയിട്ടില്ല. യു.ഡി.എഫ് സ്വതന്ത്രരായി ജയിച്ച മൂന്ന് പേർ മുന്നണിയിലുണ്ടെങ്കിലും മന്ത്രിസഭയിലുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

