മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുന്നുവെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: പശ്ചിമഘട്ട മേഖലയിലെ വനത്തോട് ചേർന്ന് കഴിയുന്ന മലയോര ജനങ്ങള്‍ ഭീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്‍റെ കടമ എന്നാണ് സർക്കാറിന്‍റെ നിലപാട്. മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സർക്കാരാണിതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
യു.ഡി.എഫ് യാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ വന നിയമം പിൻവലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വന്യജീവി ആക്രമണത്തിൽ സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഏഴ് വർഷത്തിനിടെ 6000തോളം വന്യജീവി ആക്രമണമുണ്ടായി. ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
8000തോളം പേർക്ക് ഗുരുതര പരിക്കുപറ്റി. 5000ലധികം കന്നുകാലികളെ കൊന്നു. പതിനായിരത്തിലധികം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. മലയോരത്തെ ജനങ്ങൾ ഭീതിയിലാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കേരളത്തിൽ 29 ശതമാനത്തിൽ അധികം വനമുണ്ട്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. വനം സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ റിസർവ് വനമായി വിജ്ഞാപനം ഇറക്കുകയാണ്. ജനങ്ങളെ വീണ്ടും പ്രയാസപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം.
മലയോര ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, കൂടുതൽ ആശയവിനിമയം നടത്തി നടത്തുന്ന യാത്ര അവസാനിപ്പിക്കുമ്പോൾ ശക്തമായ നിർദേശങ്ങൾ തയാറാക്കും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് മലയോര കർഷകർക്ക് വാക്ക് നൽകുന്നുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമരയാത്ര ഇന്ന് കണ്ണൂരിലെ കരുവഞ്ചാലിൽ തുടങ്ങും. മലയോര സമരയാത്ര ഇരിക്കൂരിലെ കരുവഞ്ചാലിൽ നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.
വൈകീട്ട് നാലിന് കരുവഞ്ചാലിൽ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

