പിൻവാതിൽ നിയമനങ്ങളിൽ റെക്കോഡിട്ട സർക്കാർ ഇപ്പോൾ പി.എസ്.സി പ്രായപരിധി കൂട്ടി -വി.ഡി. സതീശൻ
text_fieldsകോട്ടയം: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ആദ്യത്തേത് ശമ്പള പരിഷ്കരണ കമീഷന്‍റെ പേരിലാണ്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇറങ്ങാനിരിക്കുകയാണ്. തിരിച്ചുവരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത സർക്കാരിന്റെ തലയിൽ ബാധ്യത കെട്ടിവെക്കാനുള്ള ബുദ്ധിപൂർവമായ ശ്രമം നടത്തിയതെന്നും സതീശൻ പറഞ്ഞു.
“തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. പത്ത് വര്‍ഷമായി ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തേത് ശമ്പള കമ്മിഷന്‍ പ്രഖ്യാപനം. 2024-ല്‍ കമ്മിഷന്‍ പ്രഖ്യാപിച്ച് അതിന്റെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും അടുത്ത സര്‍ക്കാര്‍ നിലവില്‍ വരും. സാമ്പത്തിക ബാധ്യത പുതിയ സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. പോകുന്ന പോക്കിലാണ് പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയത്തിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടില്‍ ഇഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും എത്രയോ സഹന സമരങ്ങള്‍ നടത്തി. എന്നിട്ടും നടപടിയുണ്ടായില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതില്‍ റെക്കോഡിട്ടവരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കണക്കിന് പേരെ പിന്‍വാതിലിലൂടെ നിയമിച്ച് സംവരണം അട്ടിമറിച്ചു. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തിയവരാണ് പോകുന്ന പോക്കില്‍ പി.എസ്.സി പ്രായപരിധി ദീര്‍ഘിപ്പിച്ചെന്ന പ്രഖ്യാപനം നടത്തിയത്.
ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ 2023-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും മൂന്നു വര്‍ഷം ഈ സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നു? മൂന്നു വര്‍ഷവും റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചവരാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടു പോലുമില്ല. അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇപ്പോള്‍ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സര്‍ക്കാരിന് റിപ്പോര്‍ട്ട് നടപ്പാക്കേണ്ടി വരില്ലെന്ന് ഇവര്‍ക്ക് നന്നായി അറിയാം. പോകുന്ന പോക്കില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. എല്‍.ഡി.എഫിന്റെ പ്രഖ്യാപനങ്ങള്‍ക്ക് ഒരു വിശ്വാസ്യതയുമില്ല. 2021-ല്‍ 1600 രൂപ പെന്‍ഷന്‍ 2500 ആക്കുമെന്ന് പ്രഖ്യാപിച്ചു. നാലേമുക്കാല്‍ വര്‍ഷവും ചില്ലിക്കാശ് കൂട്ടിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 400 രൂപ കൂട്ടിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് മാസം പെന്‍ഷന്‍ നല്‍കിയാല്‍ മതി. പെന്‍ഷന്‍ തുക 900 രൂപ കൂട്ടിക്കിട്ടുമെന്നു കരുതി പാവങ്ങളായ നിരവധി പേര്‍ ഇവര്‍ക്ക് വോട്ട് ചെയ്തു. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു എന്ന് പറഞ്ഞതിനെ ധനകാര്യമന്ത്രി പരിഹസിച്ചു. പൂച്ച പെറ്റു കിടക്കുകയല്ലെങ്കില്‍ തദ്ദേശ സ്ഥപാനങ്ങളില്‍ 5 ലക്ഷത്തില്‍ താഴെയുള്ള ഒരു ബില്ലും പാസാക്കാത്തത് എന്തുകൊണ്ടാണ്? 5 ലക്ഷത്തിന് താഴെയുള്ള ചെക്കുകള്‍ വാങ്ങി വയ്ക്കുന്നതല്ലാതെ പണം നല്‍കുന്നില്ല. എത്രയോ സ്ഥലങ്ങളിലാണ് പണം നല്‍കാനുള്ളത്. 12 മാസമായി വിലക്കയറ്റത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം തുടരുമ്പോഴും വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈകോയ്ക്ക് നല്‍കാനുള്ളത് 1200 കോടി രൂപയാണ്. സാമ്പത്തിക നില ഭദ്രമാണെന്നും ഇന്‍വെസ്റ്റേഴ്‌സിന്റെ പറുദീസയാണെന്നുമൊക്കെ പറയാന്‍ കൊള്ളാം. വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നോ ശസ്ത്രക്രിയ ഉപകരണങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.
കെ.എസ്.ഇ.ബിക്ക് കോടികളുടെ ബാധ്യതയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 27000 പേര്‍ മാത്രം. ജല അതോറിട്ടിഎല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തകര്‍ന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതം പോലും നല്‍കാനാകുന്നില്ല. ഇത്രയും തകര്‍ന്ന് തരിപ്പണമായ ഒരു സമ്പദ് വ്യവസ്ഥയും വച്ചു കൊണ്ട് ആരാണ് നുണ പറയുന്നതെന്ന് മുഖ്യമന്ത്രി പറയണം. 18000 കോടി രൂപയുടെ ഇടുക്കി പാക്കേജാണ് മുഖ്യമന്ത്രി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പ്രഖ്യാപിച്ചത്. അതില്‍ 20 കോടി രൂപ പോലും നല്‍കിയില്ല. ആരാണ് നുണ പറയുന്നത്? പ്രതിപക്ഷം പച്ചക്കള്ളം പറയുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരാണ് ജനങ്ങളെ കബളിപ്പിച്ചത്? 12000 കോടിയുടെ പാക്കേജ് തീരദേശത്ത് പ്രഖ്യാപിച്ചിട്ട് ഒരു പൈസയും ചെലവാക്കിയില്ല.
7000 കോടിയുടെ പാക്കേജ് വയനാട് ജില്ലയ്ക്ക് പ്രഖ്യാപിച്ചിട്ടും ഒരു പൈസയും ചെലവാക്കിയില്ല. എന്തിനാണ് 7000 ആക്കുന്നത് 70000 പ്രഖ്യാപിക്ക്. പ്രഖ്യാപനം മാത്രമല്ലേയുള്ളൂ. ചെലവാക്കുന്നില്ലല്ലോ. ജനങ്ങളെ കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ്. അവരാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതും ജനങ്ങളെ കബളിപ്പിക്കുന്നതും. ഇപ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ നടക്കുകയാണ്. എവിടെ പിന്‍വാതില്‍ നിയമനങ്ങള്‍ നിയമവിരുദ്ധമായി നടത്തിയിട്ടുണ്ടോ അതെല്ലാം പുതിയ സര്‍ക്കാര്‍ പുനപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യും. ഖജനാവില്‍ അഞ്ച് പൈസ ഇല്ലാത്തപ്പോഴും വ്യാപകമായി പി.ആര്‍.ഡി വഴി പ്രചരണം നടത്തുകയാണ്. കോടിക്കണക്കിന് രൂപയുടെ ഹോള്‍ഡിങുകള്‍ വച്ച് എല്ലാ ശരിയാക്കിയെന്നാണ് പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ നിറയെ പരസ്യങ്ങളാണ്. തിരഞ്ഞെടുപ്പ് പ്രചരണം ജനങ്ങളുടെ ചെലവില്‍ നടത്തുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരപയോഗം ചെയ്താലും കേരളത്തിലെ ജനങ്ങള്‍ ഒന്നും മറക്കില്ല. ശക്തമായ തിരിച്ചടി കിട്ടുക തന്നെ ചെയ്യും.
കേരളത്തിലെ മുഖ്യമന്ത്രി അറിയപ്പെടുന്ന നടനുമായി അഭിമുഖം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ 2008 ല്‍ ഉമ്മന്‍ ചാണ്ടി ഇതുപോലൊരു അഭിമുഖം നടത്തിയിരുന്നു. അന്നിട്ട പേരാണ് ഇരുവര്‍. ആ പേരെങ്കിലും മാറ്റാമായിരുന്നു. ഇടയ്‌ക്കൊക്കെ മുഖ്യമന്ത്രി ചിരിക്കുന്നത് നമ്മളും കാണട്ടെ. സാധാരണയായി ഉത്തരം പറയാറില്ലല്ലോ. മന്‍ കി ബാത്ത് ആണല്ലോ. ഇങ്ങോട്ട് പറയാറല്ലേയുള്ളൂ. ശരിക്കുള്ള അഞ്ചാമത്തെ ചോദ്യം വരുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണല്ലോ പതിവ്. മോഹന്‍ലാലിനോടെങ്കിലും മുഖ്യമന്ത്രി മറുപടി പറയട്ടെ.
സര്‍ക്കാര്‍ നവകേരള സര്‍വെ നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ ആദ്യം സര്‍ക്കുലര്‍ ഇറക്കിയത് സി.പി.എം സംസ്ഥാന കമ്മിറ്റിയാണ്. ഡി.വൈ.എഫ്.ഐക്കാരെയും സി.പി.എമ്മുകാരെയും ഉപയോഗിച്ച് സര്‍വെ നടത്തി ഖജനാവില്‍ നിന്നും പൊതുപണം നല്‍കിയുള്ള കാമ്പയിന്‍ നടത്തേണ്ടെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ആദ്യം ഘട്ടത്തില്‍ സ്റ്റേ നല്‍കിയെന്നേയുള്ളൂ. അപ്പോഴേക്കും സ്‌റ്റേ പിന്‍വലിക്കും. ഇന്നലെ ഡാറ്റ മോഷണത്തിന് സുപ്രീം കോടതിയില്‍ നിന്നും കിട്ടയല്ലോ. മോഷണക്കേസാണ്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് പ്രതികള്‍. സാധാരണക്കാരുടെ ഡാറ്റ അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ട്. ഒരു മെസേജ് പോലും അയയ്ക്കരുതെന്നാണ് കോടതി ഇന്നലെ പറഞ്ഞത്. ആര് ഡാറ്റ മോഷണം നടത്തിയാലും തെറ്റാണ്. പ്രധാനമന്ത്രി ഡാറ്റ മോഷ്ടിച്ചതു കൊണ്ട് മുഖ്യമന്ത്രിയും മോഷ്ടിക്കുമോ? ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷ്ടിച്ചത്. നവകേരള സര്‍വെയില്‍ തുടര്‍ ഭരണം ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ സന്ദേശം വന്നു. നാട്ടുകാരുടെ പണം ഉപയോഗിച്ചല്ല, പാര്‍ട്ടിയുടെ പണം എടുത്താണ് തുടര്‍ഭരണം ഉറപ്പ് വരുത്തേണ്ടത്” -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

