സ്വന്തം ജില്ലയിൽ സ്വാതന്ത്ര്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നു -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി.പി.എം സ്ഥാനാർഥികള്‍ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാർഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നത്. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നതെന്നും പ്രതിപക്ഷ നേതവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
“സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സി.പി.എം ക്രിമിനലുകള്‍ യു.ഡി.എഫ് സ്ഥാനാർഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്? ബംഗാളിലും ത്രിപുരയിലും ഇതിനേക്കാള്‍ വിലയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നെന്നത് സി.പി.എം മറക്കരുത്. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തില്‍ സി.പി.എം പ്രവര്‍ത്തിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സി.പി.എം ഫാക്ഷന്‍ പോലെ ഒരുസംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. സി.പി.എം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാർഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്ര കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്.
എറണാകുളം കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യു.ഡി.എഫ് സ്ഥാനാർഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാർഥിയെ തട്ടിക്കളയുമെന്നാണ് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സി.പി.എം സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷന്‍, എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടും” -വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

