2026ൽ നൂറിലേറെ സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരും, നാമജപ കേസുകൾ പിൻവലിക്കും -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ വിശ്വാസ സംരക്ഷണ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
പന്തളം: അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റിൽ ജയിച്ച് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ 2018ൽ അയ്യപ്പ ഭക്തർക്കെതിരെ സർക്കാർ ഫയൽ ചെയ്ത നാമജപ കേസുകൾ പിൻവലിക്കും. ഈ സർക്കാറിന്‍റെ അവസാന നാളുകളാണിത്. പിണറായിയും സംഘവും വ്യാജഭക്തിയുമായി അയ്യപ്പ സംഗമം നടത്തി. സ്വർണക്കൊള്ള നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും വരെ യു.ഡി.എഫ് സമരം തുടരുമെന്നും പന്തളത്ത് വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ വി.ഡി. സതീശൻ പറഞ്ഞു.
“ശബരിമലയിൽ വലിയ സ്വർണക്കൊള്ള നടന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ അതിന് കൂട്ടുനിന്നു. ഇപ്പോൾ വീണ്ടും സ്വർണം കക്കാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ തീരുമാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ ഇതിനുപിന്നിലുണ്ട്. ഭാഗ്യവശാൽ അയ്യപ്പൻ ഇടപെട്ട് രണ്ടാംതവണത്തെ മോഷണം തടഞ്ഞു. പിണറായിയും സംഘവും വ്യാജഭക്തിയുമായി അയ്യപ്പ സംഗമം നടത്തി. ഏറ്റുമാനൂരിലും ദേവസ്വം സ്വർണക്കൊള്ളക്ക് ശ്രമിച്ചു. എന്നാൽ ജനം ഇടപെട്ട് തടഞ്ഞു. കമഴ്ന്നു വീണാല്‍ കല്‍പ്പണവുമായി പോകുന്ന കൊള്ളക്കാരാണ് ഭരിക്കുന്നത്.
കവര്‍ച്ച ചെയ്തതെല്ലാം അയ്യപ്പ സന്നിധിയില്‍ തിരിച്ചെത്തും വരെ സമരം ചെയ്യും. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭക്തർ നൽകുന്ന കാണിക്കയിൽനിന്ന് ഉണ്ടാക്കിയ സമ്പാദ്യത്തിൽനിന്ന് കട്ടുമുടിക്കാൻ കൂട്ടുനിന്ന എല്ലാവരും പിടിക്കപ്പെടും. ഈ ഗവൺമെന്‍റിന്‍റെ അവസാന നാളുകളാണിത്. അയ്യപ്പ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ, ഭക്തജനങ്ങൾ വിഷമിക്കേണ്ട. 2026 ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നൂറിലേറെ സീറ്റുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരും. അധികാരത്തിലേറി ആദ്യത്തെ മാസം യു.ഡി.എഫ് സർക്കാർ ഈ കേസുകൾ പിൻവലിക്കും. ഞങ്ങൾ തരുന്ന വാക്കാണത്” -പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭഗവാന്റെ സ്വര്‍ണം കക്കുന്ന സര്‍ക്കാരാണ് കേരത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കടകംപള്ളിക്ക് പോറ്റിയെ അറിയില്ലെന്ന് പറയാനാകുമോ. ഭക്തരുടെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ സ്വര്‍ണക്കൊള്ളയാണ് നടത്തിയത്. എല്ലാവരെയും ഞെട്ടിക്കുന്ന മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നു. ഹൈകോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും സതീശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

