ആകാശ് തില്ലങ്കേരിയെ സി.പി.എമ്മിനും സർക്കാറിനും ഭയമാണെന്ന് വി.ഡി സതീശൻ
text_fieldsകണ്ണൂർ: ആകാശ് തില്ലങ്കേരിയെ സി.പി.എമ്മിനും സംസ്ഥാന സർക്കാറിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശുഹൈബിന്‍റെ കൊലപാതകം ഓർമിപ്പിച്ച് ആകാശ് തില്ലങ്കേരി സി.പി.എമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചു പറയുക എന്ന ഭയത്തിലാണ് നേതാക്കൾ. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് ഇന്നലെ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും സതീശൻ വ്യക്തമാക്കി.
ശുഹൈബ് വധക്കേസ് പ്രതികളെ പാർട്ടിയാണ് സംരക്ഷിച്ചത്. അവരുടെ ആഹ്വാനം പ്രകാരമാണ് കൊലപാതകം നടത്തിയത്. സി.പി.എമ്മിനെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. പാർട്ടി ഗ്രാമങ്ങളിലാണ് പ്രതികളെ ഒളിപ്പിച്ചിരുന്നത്.
കൊല നടത്താൻ സി.പി.എമ്മിൽ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സി.പി.എമ്മിന് ചെയ്യാനാകും. സി.പി.എം ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. സി.പി.എമ്മിന് ജീർണത സംഭവിച്ചു കഴിഞ്ഞു. എം.വി ഗോവിന്ദന്‍റെ ജാഥ കൊണ്ട് സി.പി.എമ്മിന്‍റെ കൊലപാതകക്കറ മായില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

