‘മകനെതിരായ ഇ.ഡി നോട്ടീസിൽ മുഖ്യമന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല’; ജനത്തിന് മറുപടിയാണ് വേണ്ടതെന്ന് വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
കാസർകോട്: മകനെതിരായ ഇ.ഡി നോട്ടീസിൽ വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പ്രതിപക്ഷം പ്രതികരിച്ചതാണ് മുഖ്യമന്ത്രിക്ക് പ്രശ്നം. മുഖ്യമന്ത്രിയുടെ മകന് വേണ്ടി ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷം പ്രതികരിക്കരുതെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വരെ പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. ലൈഫ് മിഷൻ കേസിലാണോ ലാവലിൻ കേസിലാണോ നോട്ടീസ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസിൽ നോട്ടീസ് നൽകിയതായി കേന്ദ്ര ഏജൻസിയായ ഇ.ഡിയാണ് സ്ഥിരീകരിച്ചത്. അതിന് വൈകാരികമായല്ല മറുപടി പറയേണ്ടത്.
മുഖ്യമന്ത്രിയുടെ വൈകാരിക മറുപടി കേൾക്കാനല്ല കേരളത്തിന് താൽപര്യം. വാർത്ത വന്നതിൽ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നും വേണ്ട. അത് എം.എ. ബേബിയുടെ അടുത്ത് മതി. തന്‍റേ അടുത്ത് വേണ്ട. ഇ.ഡി. നോട്ടീസ് നൽകുന്നത് ഒരു നടപടിക്രമമുണ്ട്. എവിടെ വെച്ച്, ഏത് അന്തർധാര പ്രകാരമാണ് നടപടി ക്രമങ്ങൾ നിന്നു പോയതെന്ന് ഇ.ഡിയാണ് വ്യക്തമാക്കേണ്ടത്. മുകളിൽ നിന്ന് ഇ.ഡിക്ക് നിർദേശം ലഭിച്ചെന്നാണ് താൻ അറിഞ്ഞത്. ഇ.ഡി ഉദ്യോഗസ്ഥരാണോ രാഷ്ട്രീയ നേതൃത്വമാണോ വിഷയത്തിൽ ഇടപെട്ടതെന്ന് ദുരൂഹതയുണ്ട്.
2023ൽ മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് അയച്ച വിവരം ഇ.ഡിയുടെ വെബ്സൈറ്റിലാണ് ഉള്ളത്. അത് ഇപ്പോഴാണ് സാധാരണക്കാർ അറിഞ്ഞത്. അതിൽ എന്ത് ഗൂഢാലോചനയാണ് ഉള്ളത്. സി.പി.എം സൂക്ഷിച്ചിരുന്നോ എന്ന് താനാണ് പറഞ്ഞത്. അയ്യപ്പന്‍റെ ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റതടക്കം ഇപ്പോൾ പുറത്തുവന്നില്ലേ. ഇനിയും കുറേ കാര്യങ്ങൾ വരും. പിണറായി വിജയനെ രക്ഷിക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തിന് ആക്ഷേപമുണ്ട്. ലാവലിൻ കേസ് 35 തവണയാണ് മാറ്റിവെച്ചത്.
സ്വർണക്കേസിലും ലൈഫ് മിഷൻ കേസിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയില്ലേ?. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഭരണാധികാരികൾക്കും രാഷ്ട്രീയ നേതാക്കൾക്കും നേരെ ഇ.ഡി ആയുധമെടുത്തു. എന്നാൽ, കേരളത്തിൽ എല്ലാം മൂളി തീർക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം, മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന മാധ്യമവാർത്തകൾ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ തള്ളുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മകന്‍റെ പേരിൽ അയച്ചതായി പറയുന്ന ഇ.ഡി സമൻസ് കിട്ടിയിട്ടില്ലെന്നും അങ്ങനെയൊന്ന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വലിയ എന്തോ ബോംബ് വരാനുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. സമൻസ് എന്തായാലും നനഞ്ഞ പടക്കമായി. ഈ ഏജൻസി എവിടെയാണ് സമൻസ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്. ആരുടെയും കൈയിൽ അതിന്‍റെ റിപ്പോർട്ടില്ലല്ലോ. മറുപടി കൊടുക്കേണ്ട കാര്യവും വന്നില്ലല്ലോ.
വാർത്ത വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്ന് ചോദിച്ചു. എന്താ മുഖ്യമന്ത്രി പറയേണ്ടത്. അയച്ച കടലാസ് ഇങ്ങുതാ എന്ന് ഞാൻ പറയണോ. ഇവിടെ തെറ്റായ ഒരു ചിത്രം വരച്ചുകാട്ടാൻ നോക്കുകയാണ്. എന്നെ സമൂഹത്തിന് മുന്നിൽ കളങ്കിതനാക്കാൻ നോക്കുന്നു. അതുകൊണ്ടുമാത്രം ഞാൻ കളങ്കിതനാവുമോ. നിങ്ങളുടെ (മാധ്യമങ്ങളുടെ) എത്ര സ്നേഹവാത്സല്യങ്ങൾ നേരിട്ടയാളാണ് ഞാൻ. എന്നിട്ടും എനിക്കൊരു കൂസലും ഉണ്ടായിട്ടില്ല. ഒരഴിമതിയും എന്‍റെ ജീവിതത്തിൽ ഉണ്ടാവില്ല.
കളങ്കരഹിതമായി പൊതുജീവിതം കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്. എന്‍റെ കുടുംബവും അതിനൊപ്പംനിന്നു. എന്‍റെ മക്കൾ രണ്ടുപേരും അതേനില സ്വീകരിച്ചു. എന്‍റെ മകനെ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ട്. അവനും കേരള മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്‍റെ ഇടനാഴിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും അവനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് അവനറിയുമോ എന്ന് സംശയമാണ്.
ഒരു ദുഷ്പേരും എനിക്കുണ്ടാകത്തക്ക രീതിയിൽ എന്‍റെ രണ്ടുമക്കളും പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടാണ് മകൾ വീണക്കെതിരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോഴും ഞാൻ ചിരിച്ചുനേരിട്ടത്. അത് വേണ്ടത്ര ഏശുന്നില്ല എന്ന് കണ്ടപ്പോൾ മര്യാദക്കൊരു ജോലിയെടുത്തവിടെ കഴിയുന്ന മകനെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് വിവാദത്തിലുൾപ്പെടുത്താൻ നോക്കുകയാണ്. ജോലി, പിന്നെ വീട് എന്നതാണ് മകന്‍റെ രീതി. ഒരു പൊതുപ്രവർത്തനവുമില്ല.
തെറ്റായ ഒരുകാര്യത്തിനും പോയിട്ടില്ല. അങ്ങനെ ജീവിച്ചിട്ടില്ല. ഒരു ദുഷ്പേരും എനിക്കുണ്ടാക്കിയിട്ടില്ല. രണ്ടുമക്കളും എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിനും ശീലങ്ങൾക്കും നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ഞാനതിൽ അഭിമാനിക്കുകയാണ്. ഇതൊക്കെ ഉയർത്തിക്കാട്ടി എന്നെ പ്രായസപ്പെടുത്താം എന്ന് തെറ്റിദ്ധരിക്കേണ്ട. ഞാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ് -പിണറായി കൂട്ടിച്ചേർത്തു.
അതിനിടെ, മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചെന്നതുമായി ബന്ധപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കിയാവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. വാർത്തകൾ കണ്ടപ്പോൾ അദ്ദേഹം അതിനോട് പ്രതികരിച്ചതാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇ.ഡി പിൻവലിച്ചു എന്നാണ് ബേബി പറഞ്ഞത്. കെട്ടിച്ചമച്ച നോട്ടീസാണ് അയച്ചത്. അസംബന്ധം എന്നുകണ്ട് അവർക്കുതന്നെ പിൻവലിക്കേണ്ടിവന്നു എന്നുമാണ് ബേബി കഴിഞ്ഞ ദിവസം ചെന്നൈയിൽ പറഞ്ഞതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

