ആയിഷ സുൽത്താനക്ക് ഐക്യദാർഢ്യവുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം:ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ചതിൻെറ പേരിൽ സാമൂഹിക പ്രവർത്തകയും സംവിധായികയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യാദ്രോഹ കുറ്റം ചുമത്തികേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. സത്യത്തിൻെറ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താൻ നോക്കുന്നവർ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ടെന്ന് സതീശൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് 'ഭയം'!!
ഐഷ സുൽത്താന ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകളാണ് ഇത്. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താൻ നോക്കുന്നവർ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകൾ. ഫാസിസം അതിന്റെ വികൃത മുഖം ലക്ഷദ്വീപിൽ പ്രകടമാക്കുകയാണ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ചർച്ചകളിൽ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവയുടെ പേരിൽ പ്രധാന മന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാർത്തിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കിയത്. യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ അതെ നിയമം വീണ്ടും ദുരുപയോഗം ചെയ്ത് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പക്ഷെ അവൾ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റക്കെട്ടായി അവരുടെ പിന്നിൽ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാർഢ്യം!!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.