വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമെന്ന് വി.ഡി. സതീശൻ; ‘നമ്മുടെ മക്കളും കൊച്ചു മക്കളുമുള്ള കേരളത്തെ മതേതരമായി നിലനിര്‍ത്തും’
text_fieldsതിരുവനന്തപുരം: സമുദായ നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും തന്നെ വിമര്‍ശിക്കാമെന്നും വര്‍ഗീയത പറഞ്ഞാല്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിന്റെ വര്‍ഗീയ നറേറ്റീവ് കേരളത്തില്‍ പൊളിച്ചടുക്കും. ഇത് മതേതര കേരളമാണെന്ന് 2026ലെ തെരഞ്ഞെടുപ്പില്‍ പ്രബുദ്ധ കേരളം തെളിയിക്കും. വരാനിരിക്കുന്ന കേരളത്തിന് വേണ്ടി കൂടിയാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. മതേതര കേരളത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ആരുടെ മുന്നിലും തലകുനിക്കുകയോ മുട്ടുമടക്കുകയോ ചെയ്യില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം പ്ലാന്‍ ചെയ്ത് നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശം. ഇത് ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. അതിന് മുന്‍പ് മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ലഘുവിവരണം നല്‍കി. അതേ ലഘുവവിവരണം മുഖ്യമന്ത്രി പിന്നീട് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. പിന്നീട് നിഷേധിച്ചു. അത് മുഖ്യമന്ത്രി നല്‍കിയതാണെന്ന് ആ പത്രവും വ്യക്തമാക്കിയിട്ടുണ്ട്. അതേകാര്യം കേരളത്തില്‍ വന്ന് ചില സമുദായ നേതാക്കളെ കൊണ്ട് പറയിച്ചു.
അതിനുശേഷം എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവന വന്നു. അതിനും പിന്നാലെയാണ് സജി ചെറിയാന്റെ പരാമര്‍ശം വന്നത്. കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് മന്ത്രി സജി ചെറിയാന്‍ നടത്തിയത്. രണ്ട് ജില്ലകളില്‍ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാന്‍ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാന്‍ യോഗ്യതയില്ല. ഒരു തവണ ഇറങ്ങിപ്പോയതാണ്. മന്ത്രിയെ തിരുത്തിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണ്.
മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയര്‍ത്തും. സി.പി.എമ്മിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ സി.പി.എം തുടങ്ങിയ പ്ലാനിങ്ങാണ് ഇത്. മുഖ്യമന്ത്രി നടത്തിയ അഭിമുഖം മുതല്‍ ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. സ്വയം പറയാന്‍ പറ്റാത്തത് മറ്റുള്ളവരെ കൊണ്ട് പറയിച്ച്, പറഞ്ഞതില്‍ എന്താ കുഴപ്പമെന്നാണ് ചോദിക്കുന്നത്.
ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. സമുദായ നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എന്നെ വിമര്‍ശിക്കാം. ഞാന്‍ അവരെ കുറിച്ച് പറയുമ്പോള്‍ പ്രായവും ഇരിക്കുന്ന സ്ഥാനവുമൊക്കെ നോക്കി അവര്‍ ഉപയോഗിച്ച വാചകങ്ങളൊന്നും ഉപയോഗിക്കില്ല. പക്ഷെ വര്‍ഗീയത പറഞ്ഞാല്‍ വര്‍ഗീയതയെ എതിര്‍ക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. അത് യു.ഡി.എഫിന്റെ നിലപാടാണ്. ആര് വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. അതിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. ഈ സര്‍ക്കാര്‍ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
കേരളത്തില്‍ സി.പി.എം വര്‍ഗീയ പ്രചരണം നടത്തിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ മേഖലകളിലെയും എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും സി.പി.എം ശക്തി കേന്ദ്രങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തു. ന്യൂപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം വോട്ട് ചെയ്താല്‍ കേരളത്തില്‍ ജയിക്കില്ല. എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ട്. യു.ഡി.എഫ് എല്ലാ വിഭാഗം ജനങ്ങളുടെയും പൊളിറ്റിക്കല്‍ ഫ്‌ളാറ്റ്‌ഫോമാണ്.
ഒരാളെയും മാറ്റി നിര്‍ത്തില്ല. ഞങ്ങളാണ് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുന്നത്. ആളുകളെയും മതങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നത്. സംഘ്പരിവാര്‍ പണ്ടു മുതല്‍ക്കെ ഇതു ചെയ്യുന്നത് കൊണ്ട് ഒരു വിസ്മയവുമില്ല. അതേ പണിയാണ് കേരളത്തില്‍ ഇടതാണെന്ന് പറയുന്ന സി.പി.എം ചെയ്യുന്നത്. പച്ചക്ക് വര്‍ഗീയത പറയുകയാണ്. ഒരു തീപ്പൊരി വീഴാന്‍ കാത്തു നില്‍ക്കുന്ന വര്‍ഗീയവാദികള്‍ക്ക് സംസ്ഥാനം ഭരിക്കുന്ന സി.പി.എം തീപ്പന്തം എറിഞ്ഞു കൊടുക്കുകയാണ്. അതിലെ അപകടം മനസിലാക്കണം.
എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടമാകണമെന്നില്ല. അവര്‍ക്ക് എന്നെ ഇഷ്ടമല്ലായിരിക്കും. അല്ലാതെ യു.ഡി.എഫിന് എതിരല്ല. യു.ഡി.എഫിനെതിരെ ഒരു ആക്ഷേപവും ഉന്നയിക്കാനാകില്ല. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ ടീം യു.ഡി.എഫായി നില്‍ക്കുകയും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുന്ന വിശാലമായ രാഷ്ട്രീയ ഫ്‌ളാറ്റ്‌ഫോമുമാണ്. അതിന്റെ അഭിമാനത്തിലും അത്മവിശ്വാസത്തിലുമാണ്. എല്ലാ സമുദായ സംഘടനകളും ഐക്യത്തില്‍ പോകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. ആരെങ്കിലും തമ്മില്‍ വഴക്കുണ്ടായാല്‍ ഒത്തുതീര്‍പ്പിന് പോകുന്നവരാണ് ഞങ്ങള്‍. മുനമ്പത്തും പള്ളുരുത്തിയിലും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഞാനും ഉള്‍പ്പെടെയുള്ളവര്‍ ഒത്തുതീര്‍പ്പിന് പോയവരാണ്. ആര് ഒന്നിക്കുന്നതിലും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ആരും ഭിന്നിക്കരുത്.
മുസ്ലിം ലീഗ് ജനാധിപത്യ മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസിനേക്കാള്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയ പാര്‍ട്ടിയാണ് സി.പി.എം. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ അന്ന് ഒരു പ്രശ്‌നവും ഉണ്ടായില്ല. അന്ന് ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയും നടപടികളും മതേതര കേരളം മുഴുവന്‍ സ്വാഗതം ചെയ്തതുമാണ്. അന്ന് ലീഗിന് തീവ്രത പോരെന്നു പറഞ്ഞ് ലീഗില്‍ നിന്നും വിട്ടു പോയവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. ആ പാര്‍ട്ടിയെ തോളത്ത് വച്ചിരിക്കുന്ന സി.പി.എമ്മാണ് ഇപ്പോള്‍ ലീഗിനെ കുറ്റം പറയുന്നത്. ലീഗിനെയല്ല കുറ്റപ്പെടുത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. വര്‍ഗീയത പറയുകയാണ്. അതിനിടക്ക് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പറയും. യു.ഡി.എഫ് വന്നാല്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തുമെന്നും കൂടുതല്‍ സീറ്റ് ചോദിക്കുമെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മനപൂര്‍വമായി ഉണ്ടാക്കുന്ന ക്യാപ്‌സ്യൂളുകളാണ്. ഇതെല്ലാം വര്‍ഗീയ നറേറ്റീവിന്റെ ഭാഗമാണ്.
സി.പി.എമ്മിന്റെ വര്‍ഗീയ നറേറ്റീവ് കേരളത്തില്‍ ഞങ്ങള്‍ പൊളിച്ചടുക്കും. ഇത് മതേതര കേരളമാണെന്ന് 2026ലെ തെരഞ്ഞെടുപ്പില്‍ പ്രബുദ്ധ കേരളം തെളിയിക്കും. അതിനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. വരാനിരിക്കുന്ന കേരളത്തിന് വേണ്ടി കൂടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയനും വി.ഡി സതീശനും ഓര്‍മ മാത്രമാകുമ്പോഴും ഈ കേരളം ഉണ്ടാകും. വരാനിരിക്കുന്ന തലമുറകളെ ഭിന്നിപ്പിക്കാനും സങ്കടപ്പെടുത്താനും പാടില്ല. നമ്മുടെ മക്കളും കൊച്ചുമക്കളുമുള്ള കേരളത്തെ മതേതര കേരളമായി നിലനിര്‍ത്തും. അതിന് എന്ത് വിലയും കൊടുക്കും. അക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. ആരുടെ മുന്നിലും തലകുനിക്കുകയോ മുട്ടുമടക്കുകയോ ഇല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

