‘നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല, പ്രായോഗികമെങ്കിൽ ഒപ്പം നിൽക്കും’; കേരളത്തിന് അതിവേഗ റെയിൽപാത വേണമെന്നും വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ആർ.ആർ.ടി.എസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽനിന്ന് മാറ്റാൻ പോകുന്നു എന്നുപറഞ്ഞ് ബഹളം വെച്ചതാണ് സി.പി.എമ്മെന്നും ഇപ്പോൾ എല്ലാവരും ചേർന്ന് എതിർക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. അതിവേഗ റെയിൽ പാത വരുന്നതിന് എതിരല്ല. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല. എന്നാൽ യാതൊരു പഠനവുമില്ലാതെ പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്ന പോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
“വ്യവസായ മന്ത്രിയടക്കം എന്തെല്ലാമാണ് പറഞ്ഞത്. ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയേക്കുറിച്ച് മുമ്പുതന്നെ കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. അത് ഞാൻ പറഞ്ഞാലാണ് കുഴപ്പം. മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവ് പറയാൻ പാടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശ്രീധരനെ കൊച്ചി മെട്രോയിൽനിന്ന് മാറ്റാൻ പോകുന്നുവെന്ന് പറഞ്ഞ് കഥയിറക്കി സമരം ചെയ്തവരാണിവർ. ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല. ഞങ്ങൾ ഇതിനെതിരല്ല. കേരളത്തിലെ അടിസ്ഥാന സൗകര്യം വികസിക്കണം, അതിവേഗ റെയിൽപാത വരണം. എന്നാലത് കൃത്യമായ പരിശോധനകൾ നടത്തി കേരളത്തിന് അനുയോജ്യമായ ഒന്നാകണം. അത് കേന്ദ്രം കൊണ്ടുവന്നാലും പിന്തുണക്കും. പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്നപോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണ്” -വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റാപ്പിഡ് റെയിൽ പദ്ധതി കേരളത്തിൽ മുഴുവൻ പ്രായോഗികമല്ലെന്നും കൊല്ലം മുതൽ തിരുവനന്തപുരം വരെ ഈ പദ്ധതി സാധ്യമാകുമെന്നും നേരത്തെ ഇ ശ്രീധരൻ പറഞ്ഞുരുന്നു. ആർ.ആർ.ടിയേക്കാൾ അതിവേഗ റെയിൽവേയാണ് കേരളത്തിന് അനുയോജ്യം. ഇവ തമ്മിൽ വേഗതയിൽ വലിയ വ്യത്യാസമുണ്ട്. സർക്കാറിന്റേത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ശ്രീധരൻ വ്യക്തമാക്കി. ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ഭൂമി ഏറ്റെടുക്കൽ മാത്രം ആണ്. ഇപ്പോഴത്തെ എതിർപ്പ് താൽക്കാലികം മാത്രമാണ്. സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിൽ കേന്ദ്രം വഴി കാണും. അതിവേഗ റെയിൽവേയുടെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിലായിരിക്കുമ്പോൾ റാപ്പിഡ് റെയിലിന്റേത് കേവലം 70-75 കിലോമീറ്റർ മാത്രമാണ്. അതിവേഗ റെയിൽ പദ്ധതി മുടക്കിയത് താനാണെന്നുള്ള പരാമർശം തെറ്റാണ്. അതിവേഗ റെയിൽ പദ്ധതി തുടക്കമിട്ടത് സി.പി.എമ്മാണ്.
2010ൽ ജപ്പാൻ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം അതിവേഗ റെയിൽ കേരളത്തിൽ പ്രായോഗികമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2016ൽ താൻ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറി കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും ഇ. ശ്രീധരൻ അതൃപ്തി രേഖപ്പെടുത്തി.
ആർ.ആർ.ടി.എസിന് നാലുഘട്ടം
അതിവേഗ റെയിൽപാത (ആർ.ആർ.ടി.എസ്) പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ട്രാവൻകൂർ ലൈൻ, അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027ൽ നിർമാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് ലൈൻ പൂർത്തിയാക്കാനുമാണ് നിർദേശമുള്ളത്.
പദ്ധതി അയൽ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും. ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

