Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ. രമയുടെ...

കെ.കെ. രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി ഒളിച്ചോടി; ക്രിമിനലുകളെ സി.പി.എമ്മിന് ഭയമെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan and KK Rema
cancel

തിരുവനന്തപുരം: ടി.പി. കൊലക്കേസ് പ്രതികള്‍ക്ക് ആയിരത്തിലധികം ദിവസം പരോള്‍ ലഭിച്ചത് എങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.കെ. രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്ത മുഖ്യമന്ത്രി നിയമസഭയില്‍ നിന്നും ഒളിച്ചോടി. ജയിലില്‍ നിന്നും കൊടുംകുറ്റവാളികളെ പുറത്തിറക്കി കുഞ്ഞികൃഷ്ണനെ വധിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ജയിലില്‍ കിടക്കുന്ന കൊടും ക്രിമിനലുകള്‍ക്ക് നിയമം ലംഘിച്ച് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി സര്‍ക്കാരിനും സി.പി.എമ്മിനും താല്‍പര്യമില്ലാത്തതും സി.പി.എം പ്രതിരോധത്തിലാകുന്നതുമായ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിന് സ്പീക്കര്‍ കുടപിടിക്കുകയാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച വിഷയവും ചര്‍ച്ച ചെയ്തില്ല.

പൊലീസിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് പരോള്‍ നല്‍കുകയാണ്. ആദ്യത്തെ പ്രതിക്ക് ആറു ദിവസം പരോള്‍ നല്‍കി. പിന്നീടത് നീട്ടിക്കൊടുത്തു. മൂന്നാമതായി സര്‍ക്കാരും പരോള്‍ നീട്ടി നല്‍കി. ജയിലില്‍ പോയി ഒരു മാസത്തിനിടെ മൂന്നു തവണ പരോള്‍ നീട്ടിക്കൊടുക്കുന്ന സാഹചര്യമുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളില്‍ ആയിരത്തില്‍ അധികം ദിവസം പരോള്‍ കിട്ടിയ പ്രതികളുണ്ട്.

മൂന്ന് വര്‍ഷത്തിലധികം അവര്‍ ജയിലിന് പുറത്തായിരുന്നു. തടവുകാരില്‍ നിന്നും പണം വാങ്ങി പരോള്‍ നല്‍കുന്ന ഒരു ഡി.ഐ.ജിയാണ് പിണറായി വിജയന്റെ പോലീസിന് കീഴിലുണ്ടായിരുന്നത്. ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നത്. കൊടുംക്രൂരകൃത്യം ചെയ്ത കൊടും ക്രിമിനലുകള്‍ക്കാണ് പരോള്‍ നല്‍കുന്നത്. ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ ചെയ്താല്‍ മാത്രമെ പരോള്‍ അനുവദിക്കാവൂ.

ആയിരത്തില്‍ അധികം ദിവസം എങ്ങനെയാണ് ടി.പി കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത്? ആയിരത്തില്‍ അധികം ദിവസവും ഇവരുടെ ബന്ധുക്കള്‍ മരിക്കുകയോ ആശുപത്രിയില്‍ കിടക്കുകയോ ചെയ്‌തോ? സി.പി.എമ്മിന് വേണ്ടി കൊല നടത്തിയ പ്രതികള്‍ക്ക് നിയമം കാറ്റില്‍പ്പറത്തി പരോള്‍ അനുവദിക്കുകയാണ്.

കെ.കെ. രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ നിന്നും ഒളിച്ചോടിയത്. പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. കഴിഞ്ഞ ഡിസംബറിലാണ് പരോള്‍ നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. ജനുവരി 30നാണ് രണ്ടാമത്തെ പ്രതിക്ക് പരോള്‍ നല്‍കിയത്. പാര്‍ലമെന്ററികാര്യ മന്ത്രി നോട്ടീസ് പോലും നോക്കാതെയാണ് നിയമസഭയില്‍ ഗീര്‍വാണ പ്രസംഗം നടത്തിയത്.

ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മ്മാണ ഫണ്ട്, നിയസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ എം.എല്‍.എ തിരിമറി നടത്തിയെന്ന് സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്‍ ആരോപണം ഉന്നയിച്ചു. കുഞ്ഞികൃഷ്ണനെതിരെ പ്രകടനം നടത്തിയവര്‍ക്കൊപ്പം പരോളില്‍ പുറത്തിറങ്ങിയ കേസിലെ പ്രതിയും ഉണ്ടായിരുന്നു. പരോള്‍ വ്യവസ്ഥ പോലും ലംഘിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്. എന്നിട്ടും വീണ്ടും പരോള്‍ നല്‍കിയിരിക്കുകയാണ്. കുഞ്ഞികൃഷ്ണന്‍ കോടതിയില്‍ പോയി ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്.

പയ്യന്നൂരില്‍ പൊലീസിനെ സ്റ്റീല്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കാന്‍ മടിക്കാത്ത പ്രതികളെ പരോളില്‍ ഇറക്കുന്നത് കുഞ്ഞികൃഷ്ണനെ വധിക്കാനാണോയെന്ന സംശയം പയ്യന്നൂരില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് കുഞ്ഞികൃഷ്ണന്‍ പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. ജയിലിലെ കൊടുംകുറ്റവാളികളെ പുറത്തിറക്കി കുഞ്ഞികൃഷ്ണനെ വധിക്കാനുള്ള ശ്രമമാണോ സി.പി.എം നടത്തുന്നതെന്ന സംശയമുണ്ട്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം'- എന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം നാലാം തീയതി പുറത്തിറങ്ങുകയാണ്. പുസ്തകം പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്ന സി.പി.എം നേതാക്കളാണ് ഈ ക്രിമിനലിനെ ജയിലില്‍ നിന്നും പുറത്തിറക്കിയിരിക്കുന്നത്.

നിരവധി കേസുകളിലെ കൊടുംകുറ്റവാളികള്‍ക്കും നിയമം ലംഘിച്ച് പരോള്‍ നല്‍കുകയാണ്. ടി.പി. കൊലക്കേസിലെ പ്രതികള്‍ക്ക് പൊലീസ് കാവലില്‍ മദ്യപിക്കാനുള്ള സൗകര്യം വരെ ഒരുക്കിക്കൊടുത്തു. പുതിയ മോഡല്‍ ഫോണുകളാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം വരെയുണ്ട്. അവര്‍ പുറത്തിറങ്ങിയാല്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയുമാണ്. ഡി.ഐ.ജിക്ക് നല്‍കിയ 180000 രൂപ തടവില്‍ കിടക്കുന്ന പ്രതിക്ക് എവിടെ നിന്നാണ് കിട്ടിയത്? ജയിലില്‍ കിടക്കുന്ന ടി.പി കേസിലെ പ്രതികള്‍ക്ക് കൊട്ടേഷന്‍ ഏറ്റെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. ജയില്‍ എയര്‍ കണ്ടീഷന്‍ ആക്കുന്നതു മാത്രമെ ബാക്കിയുള്ളൂ. ബാക്കി എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൈക്കൂലി നല്‍കാനുള്ള പണവും ഈ ക്രിമിനലുകള്‍ക്ക് പാര്‍ട്ടി നല്‍കുകയാണ്. ഈ വിഷയം കേരളത്തിലെ നിയമസഭയില്‍ അല്ലാതെ എവിടെയാണ് പോയി പറയേണ്ടത്? പുത്തരിക്കണ്ടത്ത് പോയി പറഞ്ഞാല്‍ മതിയെങ്കില്‍ നിയമസഭ കൂടേണ്ട കാര്യമില്ലല്ലോ. ഈ വിഷയം പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടേ? ക്രിമിനലുകളെ സി.പി.എമ്മിന് ഭയമാണ്. ടി.പി. കേസിലെ ഗൂഢാലോചന പ്രതികള്‍ വെളിപ്പെടുത്തിയാല്‍ സി.പി.എമ്മിലെ വന്‍കിട നേതാക്കള്‍ ജയിലില്‍ പോകുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

കെ.കെ. രമയെ ഭയപ്പെടുന്നുവെന്ന് കെ.പി.എ. മജീദ്

കെ.കെ. രമയെ ഭയപ്പെടുന്നതു കൊണ്ടായിരിക്കാം സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടിയതെന്ന് കെ.പി.എ മജീദ് പറഞ്ഞു. വിവിധ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലായ സി.പി.എം ഗുണ്ടകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ്. ഒരു നിയമവും പാലിക്കാതെയാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നത്. പുറത്തിറങ്ങുന്നവര്‍ അക്രമങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം പാര്‍ട്ടി ജാഥയിലും പങ്കെടുക്കുകയാണ്. ഇത്തരം വിഷയങ്ങളാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത്. കൊലപാതകങ്ങള്‍ നടത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

ക്രിമിനലുകള്‍ വാഴുന്ന സംസ്ഥാനമായി മാറിയെന്ന് കെ.കെ. രമ

ജയില്‍പ്പുള്ളികള്‍ക്ക് പരോള്‍ നല്‍കുന്നത് ആദ്യത്തെ വിഷയമല്ലെന്ന് കെ.കെ. രമ ചൂണ്ടിക്കാട്ടി. പൊലീസുകാരെ ആക്രമിച്ചതിന് 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഒരു മാസം കഴിയുന്നതിന് മുന്‍പ് പരോള്‍ നല്‍കിയത്. മൂന്നു തവണയാണ് പരോള്‍ നീട്ടി നല്‍കിയത്. കേരളത്തില്‍ ഭരിക്കുന്നത് നിയമമല്ല, രാഷ്ട്രീയ യജമാനന്‍മാരുടെ കല്‍പനകളാണ്. ആയിരത്തില്‍ അധികം ദിവസമാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്. ടി.പി കൊലക്കേസിലെ ഗൂഢാലോചനയില്‍ ശിക്ഷിക്കപ്പെട്ട കെ.സി. രാമചന്ദ്രന് പരോള്‍ അനുവദിച്ചത് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ എന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ്. ഇതൊക്കെ നിയമത്തിലുള്ളതാണോ? ഇതേക്കുറിച്ച് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി പറയണ്ടേ? ചോദിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയില്‍ പോലുമില്ല.

ചോദ്യങ്ങള്‍ മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി സഭയില്‍ വരാതിരുന്നത്. കെ.സി രാമചന്ദ്രന് പരോള്‍ അനുവദിക്കാന്‍ രേഖപ്പെടുത്തിയിരിക്കുന്ന കാരണം ഏത് നിയമത്തിലാണ് പറയുന്നതെന്ന് നിയമ മന്ത്രിയും പാര്‍ലെന്ററികാര്യ മന്ത്രിയും വ്യക്തമാക്കണം. ഏത് നിയമത്തിലെ വകുപ്പാണിത്. ഒരു മാസം ജയിലില്‍ ആണെങ്കില്‍ പിറ്റേ മാസം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ പരോള്‍ നല്‍കുകയാണ്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണ്ടേ? പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലാണ് 50 വര്‍ഷത്തിലധികം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച കുഞ്ഞികൃഷ്ണന്‍ എന്ന സഖാവ് പാര്‍ട്ടിയിലെ നെറികേടുകള്‍ വിളിച്ചു പറയുന്നത്. അദ്ദേഹത്തെ കൊല്ലാനും കൊട്ടേഷന്‍ കൊടുക്കുന്നുണ്ടാകും. അതിന്റെ ഭാഗമായകും ക്രിമിനലുകള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

ഏത് നിയമപ്രകാരമാണ് പ്രതികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്? ജയില്‍ ഡി.ജി.പി കൊടി സുനിയുടെ കയ്യില്‍ നിന്നും 1,80,000 രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും കൈക്കൂലി വാങ്ങിയിരിക്കുകയാണ്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തു? സസ്‌പെന്‍ഷനിലായ ഡി.ഐ.ജി വീണ്ടും സര്‍വീസില്‍ തിരിച്ചെത്തും. ഇവരാണ് ക്രിമിനലുകള്‍ക്ക് സൗകര്യം ഒരുക്കുന്നത്. ക്രിമിനലുകള്‍ വാഴുന്ന സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നത് നിയമസഭയും കേരളത്തിലെ ജനങ്ങളും ചര്‍ച്ച ചെയ്യണം. പിണറായി വിജന്റെ മുഖമുദ്ര എന്താണെന്നും കേരളം ചര്‍ച്ച ചെയ്യണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp caseKK RemaPinarayi VijayanVD Satheesan
News Summary - V.D. Satheesan says CPM is afraid of criminals
Next Story