രാഹുലിനെ പുറത്താക്കാൻ ഇന്നലെതന്നെ തീരുമാനിച്ചു; എ.കെ.ജി സെന്‍ററിൽ വന്ന പരാതികൾ സി.പി.എം പൊലീസിന് കൈമാറണം -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പുറത്താക്കാനുള്ള തീരുമാനം ഇന്നലെതന്നെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടപടി സ്വീകരിക്കുന്നതിൽ പാർട്ടി വൈകിയിട്ടില്ല. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു പാർട്ടി ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്. എ.കെ.ജി സെന്‍ററിൽ വന്നുകിടക്കുന്ന ഒരുപാട് പരാതികൾ സി.പി.എം പൊലീസിന് കൈമാറണം. തെരഞ്ഞെടുപ്പ് തീരുംവരെ രാഹുൽ വിഷയം ചർച്ചയാക്കി ശബരിമലയിലെ സ്വർണക്കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
“വിവരമറിഞ്ഞപ്പോൾ പരാതി വരുന്നതിനു മുമ്പുതന്നെ ഞങ്ങൾ വിഷയം പരിശോധിച്ചു. സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ഉടനെ സ്വീകരിച്ചു. രണ്ടാമതൊരു പരാതി കെ.പി.സി.സിക്ക് ലഭിച്ചതോടെ വീണ്ടും ചർച്ച ചെയ്തു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം ഇന്നലെതന്നെ ഏകകണ്ഠമായി സ്വീകരിച്ചു. ഇന്ന് പ്രഖ്യാപിച്ചെന്നു മാത്രം. നടപടി സ്വീകരിക്കുന്നതിൽ പാർട്ടി വൈകിയിട്ടില്ല. പാർട്ടിയെ കുറിച്ച് അഭിമാനമുണ്ട്. പരാതി വന്നപ്പോൾ ഉടനെ പൊലീസിന് കൈമാറി. എ.കെ.ജി സെന്‍ററിൽ വന്നുകിടക്കുന്ന ഒരുപാട് പരാതികൾ മാറാല പിടിച്ചു കിടക്കുന്നുണ്ട്. ഇനിയെങ്കിലും സി.പി.എം അത് പൊലീസിന് കൈമാറുന്നത് നന്നായിരിക്കും. ഞങ്ങളെ ഉപദേശിക്കാൻ നടക്കുന്നവരോട് അഭ്യർഥിക്കാനുള്ളത് അതാണ്.
രാജിവെക്കണോ വേണ്ടയോ എന്നൊക്കെ രാഹുൽ തീരുമാനിക്കട്ടെ. പാർട്ടി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. ഇപ്പോൾ പാർട്ടിയിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു പാർട്ടി ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്. ചിലർ അതിന്‍റെ സാങ്കേതികത്വം ചോദ്യം ചെയ്യുകയാണ്. ബലാത്സംഗക്കേസിലെ പ്രതി എം.എൽ.എ ആയി ഇരിക്കുന്ന പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. മുഖ്യമന്ത്രിയോട് ഒരിക്കൽ പോലും ഇക്കാര്യം ചോദിക്കാൻ മാധ്യമങ്ങൾ തയാറായില്ല. തെരഞ്ഞെടുപ്പ് തീരുംവരെ ഈ വിഷയം ചർച്ചയാക്കി ശബരിമലയിലെ സ്വർണക്കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്‍റേത്” -വി.ഡി. സതീശൻ പറഞ്ഞു.
നേരത്തെ, സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് അറിയിച്ചത്. യുവതി നേരിട്ട് പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പും വന്നു.
തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് എ.എൽ.എക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വാദം കേട്ടപ്പോൾ ജഡ്ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാഷകൻ, ഒരു ജീവനക്കാരൻ എന്നിവരാണ് കോടതിയിൽ ഉണ്ടായിരുന്നത്. അടച്ചിട്ട കോടതിയിൽ ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കൂടുതൽ രേഖകൾ പരിശോധിക്കാൻ ഹരജി മാറ്റിയത്.
എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

