സി.പി.എമ്മിന് സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പിയെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം :സി.പി.എമ്മിന് സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുന്‍മന്ത്രിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായ സി.പി.എം നേതാക്കള്‍ കൂറുമാറിയത് സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
പാര്‍ട്ടിയിലെ സമുന്നത നേതാവിനെതിരായ വധശ്രമക്കേസില്‍ പ്രതികളായ സംഘപരിവാറുകാരെ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയിട്ടും കേരളത്തിലെ സി.പി.ഐ നേതാക്കള്‍ പുലര്‍ത്തുന്നത് നാണംകെട്ട മൗനമാണ്.എല്‍.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐയുമായി ഉള്ളതിനേക്കാള്‍ ശക്തമായ ബന്ധവും കൊടുക്കല്‍ വാങ്ങലുകളുമാണ് ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളുമായി തങ്ങള്‍ക്കുള്ളതെന്നാണ് കാസര്‍കോട്ടെ കൂറുമാറ്റത്തിലൂടെ സി.പി.എം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തെ പ്രാദേശിക തീരുമാനമായി മാത്രം കാണാനാകില്ല. ആക്രമിക്കപ്പെടുമ്പോള്‍ ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളിലുള്ളവരാണ് കൂറുമാറിയത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും അന്ന് ജീപ്പിലുണ്ടായിരുന്നു. എന്നിട്ടും മുതിര്‍ന്ന സി.പി.ഐ നേതാവിനെതിരെ നടന്ന ആക്രമണത്തില്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയത് അവിശ്വസനീയമാണ്.
സി.പി.എം - ബി.ജെ.പി ബാന്ധവം താഴേത്തട്ടിലേക്ക് കൂടി നടപ്പാക്കിയതിന് പിന്നില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശവും ഇടപെടലും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സി.പി.എം നേതാക്കള്‍ പ്രതികളായ വധശ്രമക്കേസില്‍ ബി.ജെ.പി നേതാക്കള്‍ കൂറ് മാറിയ സംഭവവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
മോദിയെ പ്രീതിപ്പെടുത്തുന്നതിന് കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായി സി.പി.എം ഭാരത് ജോഡോ യാത്രയില്‍ നിന്നും വിട്ടു നിന്നപ്പോഴും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ധീരമായ ദേശീയ നേതൃത്വമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. എന്നിട്ടും കേരളത്തില്‍ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ ആത്മാഭിമാനം പോലും പണയപ്പെടുത്തിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന നേതൃത്വമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

