മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് കഴിഞ്ഞദിവസം ഒരു ചടങ്ങിൽ സ്വാഗത പ്രാസംഗികൻ വിശേഷിപ്പിച്ചതിനെ തുടർന്ന് കോൺഗ്രസിൽ അത് വലിയ ബോംബായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ വേദിയിൽവെച്ചു തന്നെയുള്ള പരാമർശം.
കോണ്‍ഗ്രസിന് അതിന്റേതായ രീതിയുണ്ട്. മുഖ്യമന്ത്രിയെ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2006ലേയും 2011ലെയും തമാശ താനും പറയേണ്ടി വരും. 2006 ഓർമിപ്പിക്കരുത് എന്നും സതീശന്‍ പറഞ്ഞു. അന്ന് വി.എസ്. അച്യുതാനന്ദന് സീറ്റു കൊടുക്കാതിരിക്കാന്‍ പിണറായി വിജയൻ എന്തുമാത്രം പരിശ്രമം നടത്തി. അവസാനം വി.എസ് പോളിറ്റ് ബ്യൂറോയെ സമീപിച്ചിട്ടാണ് സീറ്റ് ലഭിച്ചത്. എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും സതീശൻ ഓർമിപ്പിച്ചു. പിന്നീട് വി.എസ് മുഖ്യമന്ത്രിയായി.
ആ അഞ്ചുകൊല്ലം നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലേ?. 2011ല്‍ വീണ്ടും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമെന്ന് തോന്നിയപ്പോള്‍ ഭരണം തന്നെ വേണ്ടെന്ന് വെച്ചയാളാണ് പിണറായി വിജയന്‍. പഴയ കഥയൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുത്. വിഎസും പിണറായി വിജയനും തമ്മില്‍ നടന്നതുപോലൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടാകില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്.
സമയമാകുമ്പോള്‍ ദേശീയ നേതൃത്വം ആളെ തീരുമാനിച്ചോളും. ഞങ്ങളെല്ലാം ഒറ്റക്കെട്ടായിട്ട് പാര്‍ട്ടിയേയും മുന്നണിയേയും കേരളത്തില്‍ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിക്കും. പാര്‍ട്ടി ദേശീയ നേതൃത്വവും ജയിച്ച എംഎല്‍എമാരും കൂടി തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

