ഒന്നിലും പങ്കില്ലായിരുന്നു; എല്ലാ കേസിലും കരുണാകരനെ പെടുത്തിയതാണെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: രാജൻ കേസ്, പാമോലിന്‍, ചാരക്കേസ് എന്നിവയിൽ കെ. കരുണാകരനെ പെടുത്തിയതാണെന്നും മൂന്ന് കേസിലും അദ്ദേഹത്തിന് പങ്കില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുണാകരനൊപ്പം 36 വര്‍ഷം പ്രവര്‍ത്തിച്ച റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് രചിച്ച 'ലീഡര്‍ക്കൊപ്പം മൂന്നരപതിറ്റാണ്ട്' സര്‍വിസ് സ്റ്റോറി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പാമോലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നേട്ടമാണുണ്ടായത്. അതാരും മനസ്സിലാക്കിയില്ല. കരുണാകരനെപ്പോലെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചൊരു നേതാവ് കേരളത്തിലുണ്ടായിരുന്നില്ല. തികഞ്ഞ ദേശീയവാദിയായ കെ. കരുണാകരന് അപാര നര്‍മബോധത്തിന് ഉടമയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന് എം.പി പുസ്തകം സ്വീകരിച്ചു. കരുണാകരെൻറ ജീവിതം വേട്ടയാടലുകളുടേതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാജന് മരിച്ചെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. താന്‍ രാജിെവച്ചാല്‍ രാജന് പുറത്തുവരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ തയാറായിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതായിരുന്നു കാരണമെന്നും മുരളീധരന് പറഞ്ഞു.
ഡി.ഐ.ജി ജയറാംപടിക്കലിനെ വിശ്വസിച്ചതാണ് രാജൻ കേസില്‍ കെ. കരുണാകരന് വിനയായതെന്നാണ് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് പുസ്തകത്തിലൂടെ തുറന്നുകാട്ടുന്നത്. രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന വിവരമാണ് അദ്ദേഹത്തിന് നല്‍കിയത്. പാമോലിന്‍ കേസിലും ചാരക്കേസിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരും പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ചിലരും ചേര്‍ന്ന് കരുണാകരനെ കേസില്‍പെടുത്തുകയായിരുന്നു. ചാരക്കേസില്‍ നമ്പിനാരായണന് ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈകിയെങ്കിലും നീതികിട്ടി. പക്ഷേ, കരുണാകരന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് പ്രേമചന്ദ്രക്കുറുപ്പ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്, ഭാരത് വിദ്യാഭവന് ഉപാധ്യക്ഷന്‍ ഡോ. വി. ഉണ്ണികൃഷ്ണന്‍നായര്‍, സി. ഉണ്ണികൃഷ്ണന്, അജിത്ത് വെണ്ണിയൂർ, ഗ്രന്ഥകർത്താവ് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.