‘പ്രതിപക്ഷ നേതാവിന്‍റെ കസേരയോട് ബഹുമാനമുണ്ട്, അതുകൊണ്ട് എന്തും പറയാനാവില്ല’; വെള്ളാപ്പള്ളിക്ക് വി.ഡി. സതീശന്‍റെ മറുപടി
text_fieldsവി.ഡി. സതീശൻ, വെള്ളാപ്പള്ളി നടേശൻ
പറവൂർ: 90 വയസുള്ള വെള്ളാപ്പള്ളിയെ കുറിച്ച് താനൊന്നും പറയില്ലെന്നും താൻ ഇരിക്കുന്ന പ്രതിപക്ഷ നേതാവിന്‍റെ കസേരയോട് തനിക്ക് ബഹുമാനമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിന്‍റെ കസേരയിൽ ഇരുന്ന് എന്തും പറയാൻ പരിമിതികളുണ്ട്. നാളെ വീണ്ടും മോശമായി പറഞ്ഞാലും താനൊന്നും പറയില്ലെന്നും സതീശൻ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശനെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലക്ക് വെള്ളാപ്പള്ളിയെ കുറിച്ച് പറയാൻ സ്വാതന്ത്ര്യമില്ലേ?. അതിൽ എന്താണ് തെറ്റ്?. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം വെള്ളാപ്പള്ളി അടക്കമുള്ളവർക്കുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വിമർശനത്തിന് അതീതനല്ല. ആരെങ്കിലും തന്നെ വിമർശിച്ചാൽ അവരുടെ മേൽ കയറുന്നത് എന്തിനാണ്. വെള്ളാപ്പള്ളി എന്തെല്ലാം തന്നെ കുറിച്ചു പറഞ്ഞു. എന്നാൽ, താൻ അദ്ദേഹത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.
'90 വയസുള്ള വെള്ളാപ്പള്ളിയെ കുറിച്ച് ഒന്നും പറയാൻ പാടില്ല. നാളെ വീണ്ടും മോശമായി പറഞ്ഞാലും ഞാനൊന്നും പറയില്ല. ഞാൻ ഇരിക്കുന്ന കസേരയോട് എനിക്ക് ബഹുമാനമുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ കസേരയിൽ ഇരുന്ന് എന്തും പറയാമെന്നാണോ, പറയാൻ പാടില്ല. അതിന് പരിമിതികളുണ്ട്'.
'മാധ്യമങ്ങളോടും ഞാൻ ഒന്നും പറയാറില്ല. നിങ്ങൾ എന്തെല്ലാം എന്നോട് ചോദിക്കുന്നു. വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നിരവധി കുത്തിത്തിരിപ്പ് ചോദ്യങ്ങൾ മാധ്യമങ്ങൾ ചോദിച്ചു. അതിനെല്ലാം ചിരിച്ചു കൊണ്ടാണ് ഞാൻ മറുപടി നൽകിയത്. എല്ലാത്തിനും മറുപടി പറയണമെന്നില്ല'.
'മാധ്യമങ്ങൾ ആഗ്രഹിക്കുന്ന മറുപടി എനിക്ക് പറയാൻ സാധിക്കില്ല. എന്‍റെ പദവിയിൽ ഇരുന്നു കൊണ്ടുള്ള മറുപടിയേ പറയാനാവൂ. സംഘടനാപരമായ കാര്യങ്ങൾ കെ.പി.സി.സി അധ്യക്ഷൻ പറയും. കെ.പി.സി.സിയിലെ കാര്യങ്ങൾ ഞാൻ പറഞ്ഞാൽ മാധ്യമങ്ങൾ അത് വിവാദമാക്കും'-വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

