'കേരളം മുഴുവൻ കടൽപോലെ അലയടിച്ച് തനിക്കെതിരെ വന്നാലും നിലപാടിൽ അണുവിട മാറ്റമുണ്ടാകില്ല, ആരും ഭയപ്പെടുത്തുകയൊന്നും വേണ്ട'; വി.ഡി.സതീശൻ
text_fieldsകൊച്ചി: കേരളം മുഴുവൻ കടൽപോലെ അലയടിച്ച് തനിക്കെതിരെ വന്നാലും തന്റെ നിലപാടിൽ അണുവിട മാറ്റമുണ്ടാകില്ലെന്നും എന്നെ ആരും ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തരമുള്ള വിമർശനം ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തരോടായിരുന്നു സതീശന്റെ മറുപടി. നിലപാടുകൾ എടുക്കുന്നവർക്ക് നേരെ വിമർശനങ്ങളുണ്ടാകും പാർട്ടി നേതാക്കൾ കൂട്ടായെടുത്ത തീരുമാനമാണെന്നും അതിന്റെ ഉത്തരവാദിത്തം കൂടി താൻ ഏറ്റെടുക്കുകയാണെന്നും സതീശൻ പറഞ്ഞു. തന്റെ ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനം അണുവിട മാറില്ലെന്നും സതീശൻ പറഞ്ഞു.
തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.
വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ ചോദിച്ചു.
അതേസമയം, കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്നും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനമെന്നും അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും വി.ഡി സതീശൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു.
വി.ടി.ബല്‍റാമിനെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചതില്‍ കെ.സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചതിലും സതീശന്‍ പ്രതികരിച്ചു. 'ഞാന്‍ വിമര്‍ശനത്തിന് അധീതനല്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയാൽ വിമര്‍ശിക്കാനുള്ള അധികാരം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സുധാകരന്‍ പറഞ്ഞിനോട് എനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഇല്ല. അവര്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്' സതീശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

