രാഹുലിനെതിരായ വധഭീഷണി നിയമസഭയിൽ ഉന്നയിച്ചില്ലെന്ന മന്ത്രിമാരുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
text_fieldsരാഹുൽ ഗാന്ധി, വി.ഡി. സതീശൻ, പി. രാജീവ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് വധഭീഷണി മുഴക്കിയ സംഭവം നിയമസഭയില്‍ ഉന്നയിച്ചില്ലെന്ന മന്ത്രിമാരായ പി. രാജീവിന്‍റെയും എം.ബി. രാജേഷിന്‍റെയും പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി നിയമസഭയിൽ ഉന്നയിക്കാതിരുന്നത് അവധിയായത് കൊണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. സമരവുമായി തെരുവില്‍ ഇറങ്ങിയിട്ടും ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും തെറ്റായ പരാമർശം മന്ത്രിമാർ പിന്‍വലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ നിറയൊഴിക്കുമെന്ന് ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയത് 26നും 27നും എന്തുകൊണ്ടാണ് നിയമസഭയില്‍ ഉന്നയിക്കാത്തെന്നാണ് മന്ത്രി പി. രാജീവ് ചോദിച്ചത്. 27, 28 ശനിയും ഞായറുമായിരുന്നു. അന്ന് നിയമസഭയില്ല. 29ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്തു. കേസ് നല്‍കിയത് 22നാണെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
27ന് ആലപ്പുഴ ഡി.സി.സി സെക്രട്ടറി ബിപിന്‍ മാമനും 28ന് കെ.പി.സി.സി സെക്രട്ടറി പ്രാണകുമാറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വസന്ത് തെങ്ങുംപള്ളിയും പരാതി നല്‍കി. തൊട്ടടുത്ത ദിവസം കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാറും പരാതി നല്‍കി. നടപടി വേണമെന്ന് 27ന് ഞാനും കെ.പി.സി.സി അധ്യക്ഷനും ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാല്‍ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി.
എന്നിട്ടാണ് 29ന് മാത്രമാണ് പരാതി കിട്ടിയതെന്ന് ഒരു മന്ത്രി പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്? രണ്ടു മന്ത്രിമാരും അബദ്ധമാണ് പറഞ്ഞത്. സമരവുമായി തെരുവില്‍ ഇറങ്ങിയിട്ടും ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നാണ് മന്ത്രി പറഞ്ഞത്. രണ്ട് മന്ത്രിമാരും പറഞ്ഞത് പിന്‍വലിക്കണം. പരാതിയില്‍ പൊലീസ് കേസെടുക്കുമെന്നാണ് കരുതിയത്.
പിണറായി വിജയനെതിരെ ആരെങ്കിലും പോസ്റ്റിട്ടാല്‍ അയാളെ അറസ്റ്റു ചെയ്യും. രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റു ചെയ്യാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് പറഞ്ഞത് നിസാരകാര്യമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഫോണില്‍ ഭീഷണി വന്നാല്‍ പോലും അന്വേഷിക്കും. എന്നിട്ടും നിയമസഭയില്‍ മന്ത്രിമാര്‍ക്ക് എന്തും പറയാമെന്ന അവസ്ഥയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷം ഒരു തട്ടിപ്പ് സംഘം മാത്രം 1100 കോടി രൂപയുടെ ഇടപാടുകളാണ് വ്യാജ പേരില്‍ നടത്തിയിരിക്കുന്നത്. ഈ സംഘം സാധാരണക്കാരുടെ പേരില്‍ അവര്‍ അറിയാതെയാണ് ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. ആരുടെ പേരിലും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാം. നിലവില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് നല്‍കാം. അത്തരത്തില്‍ സാധാരണക്കാരുടെ പേരില്‍ എടുക്കുന്ന ജി.എസ്.ടി രജിസ്‌ട്രേഷനില്‍ ഈ സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
എന്നാല്‍ ജി.എസ്.ടി, ഇന്‍കംടാക്‌സ് ബാധ്യതകള്‍ സാധാരണക്കാര്‍ക്ക് മുകളില്‍ വരും. 200 കോടി രൂപയാണ് ഈ സംഭവത്തില്‍ മാത്രം സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടമുണ്ടായത്. ഇക്കാര്യം പൂണെയിലെ ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വ്യാജ രജിസ്‌ട്രേഷനുകളെല്ലാം റദ്ദാക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. 2025 ഫെബ്രുവരിയിലാണ് പൂണെയിലെ ഇന്റലിജന്‍സ് സംസ്ഥാന സര്‍ക്കാരിനെ തട്ടിപ്പ് അറിയിച്ചത്. തട്ടിപ്പിന് പിന്നില്‍ ഏത് സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് ജി.എസ്.ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല.
ഇരകളായ മനുഷ്യരെ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല. നഷ്ടപ്പെട്ട 200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. ഇതു കൂടാതെ ആയിരത്തിലധികം തെറ്റായ രജിസ്‌ട്രേഷനുകള്‍ വേറെയുമുണ്ട്. പല രീതിയിലാണ് സാധാരണക്കാരെ കബളിപ്പിക്കുന്നത്. കെ.എസ്.ഇ.ബിയുടെ കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേര്‍ഡ് നമ്പരും ഉണ്ടെങ്കില്‍ രജിസട്രേഷന്‍ നടത്താം. തദ്ദേശ വകുപ്പിന്റെ സജ്ജയ പോര്‍ട്ടലില്‍ നിന്നും വസ്തു വിവരങ്ങള്‍ ശേഖരിച്ചും ജി.എസ്.ടി എടുക്കാം. ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്.
എറണാകുളത്ത് കരാര്‍ തൊഴിലാളിയായ ഒരാള്‍ മകള്‍ വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കാന്‍ ചെന്നപ്പോള്‍ അയാളുടെ പേരില്‍ 43 കോടിയുടെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ഒരാള്‍ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ കോട്ടയം എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ജി.എസ്.ടി ജോ. കമീഷണറെയും ഇന്‍കം ടാക്‌സിനെയും ചിലര്‍ സമീപിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. കോടതിയില്‍ പോകണമെന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് ഇരകളായ പാവങ്ങളോട് പറയുന്നത്. വലിയൊരു തട്ടിപ്പിന്റെ അറ്റം മാത്രമാണ് പൂണെ ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയത്.
1. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് അപ്പുറത്തേക്കുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ പോകാത്തത് എന്തുകൊണ്ടാണ്?
2. ഇരകളായി മാറിയ നിരപരാധികളെ വിവരം അറിയിക്കാനോ നിയമപരിരക്ഷ നല്‍കാനോ സര്‍ക്കാര്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്?
3. 200 കോടിയുടെ റവന്യൂ നഷ്ടമുണ്ടായിട്ടും അത് വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്?
4. ഇത്രയും വിവരം കിട്ടിയിട്ടും ജി.എസ്.ടി രജിസ്‌ട്രേഷനിലെയും ഡാറ്റ വെരിഫിക്കേഷനിലെയും കുറവുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം. കൂടാതെ ഐ.ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേസായതു കൊണ്ട് ഈ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. ഇരകളായി മാറിയവര്‍ക്ക് നിയമസംരക്ഷണം നല്‍കണം. തെറ്റ് കണ്ടിട്ടും ശ്രദ്ധിക്കാതിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ജി.എസ്.ടി ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പ്രധാന പദവികളില്‍ സി.പി.എം ബന്ധമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
കേരളത്തിലെ ജി.എസ്.ടി ഭരണസംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. വ്യാപകമായി നികുതി വെട്ടിപ്പ് നടക്കുകയാണ്. ഖജനാവിന് കോടിക്കണക്കിന് പണം നഷ്ടമാകുന്ന ഇടപാടുകളാണ് നടക്കുന്നത്. ടാക്‌സ് തട്ടിപ്പ് മാത്രമല്ല ഡാറ്റ മോഷണം കൂടിയാണ് നടന്നിരിക്കുന്നത്. ആരുടെ പേരിലും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാവുന്ന അവസ്ഥയാണ്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ എന്തിനാണ് ഇത് മറച്ചുവച്ചത്. ജി.എസ്.ടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് തട്ടിപ്പ് മൂടിവയ്ക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നത്. തട്ടിപ്പ് നടത്തുമ്പോള്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതെ നോക്കിയിരിക്കുകയാണ്. ആരെല്ലാമാണ് തട്ടിപ്പിന് കൂട്ടു നില്‍കുന്നതെന്ന് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്വര്‍ണപ്പാളി വിവാദവുമയി ബന്ധപ്പെട്ട് വിസ്മയകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. 1999-ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ 40 വര്‍ഷത്തെ വാറന്റിയോടെ സ്വര്‍ണം പൂശിയതാണ്. എന്നിട്ടും 20 വര്‍ഷം കഴിഞ്ഞ് 2019 ല്‍ എന്തിനാണ് ഈ സ്വര്‍ണപാളികള്‍ വീണ്ടും സ്വര്‍ണം പൂശുന്നതിനു വേണ്ടി കൊണ്ടുപോയത്? 42 കിലോ കൊണ്ടു പോയിട്ട് 38 കിലോ മാത്രമാണ് തിരിച്ചെത്തിച്ചത്. നാലു കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. എന്തുകൊണ്ടാണ് ഭാരം പരിശോധിക്കാന്‍ ദേവസ്വം തയാറാകാതിരുന്നത്. ഭാരം കുറഞ്ഞത് പുറത്തു വരാതിരിക്കാന്‍ അന്ന് ഗൂഡാലോചന നടന്നിട്ടുണ്ട്. ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ഭരണാധികാരികള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത്. കേടതിയുടെ അനുമതി ഇല്ലാതെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് സ്വര്‍ണം ചെന്നൈയിലേക്ക് അയച്ചത്.
ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? എന്താണ് ഈ സ്‌പോണ്‍സര്‍ക്കുള്ള പ്രത്യേകത? എല്ലാ ദേവസ്വം ബോര്‍ഡുകളിലുമുള്ള സ്‌പോണ്‍സര്‍മാരെ കുറിച്ചും അന്വേഷിക്കണം. ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡും തമ്മില്‍ എന്താണ് ബന്ധം? ഇയാള്‍ ആരുടെ ബെനാമിയാണ്? സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും പീഠം കണ്ടെത്തിയിട്ടും ഇയാളെ എന്തുകൊണ്ടാണ് കേസില്‍ പ്രതിയാക്കാതിരിക്കുന്നത്? ഇത്തരക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും അതില്‍ ചെറിയൊരു അംശം മാത്രം ക്ഷേത്രങ്ങളില്‍ നല്‍കി വന്‍ തുകയാണ് ഭക്തരില്‍ നിന്നും തട്ടിയെടുക്കുന്നത്.
ഇതിനെല്ലാം ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൂട്ടു നിന്നു. അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പസംഗമം നടത്തിയത്. അയ്യപ്പ സംഗമം നടത്തി കപട ഭക്തി കാട്ടിയവരുടെ കാപട്യം അയ്യപ്പന്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലും ആരുമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബന്ധമെന്ന് വ്യക്തമാക്കട്ടെ. കോടതിയുടെ അറിവില്ലാതെ സ്വര്‍ണപാളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയാതെ പുറത്തേക്ക് പോകുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്താണ് ബന്ധം? ഇതിന്റെയൊക്കെ ഉത്തരവാദിത്തം പറയേണ്ടത് പ്രതിപക്ഷ നേതാവല്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. ഉത്തരവാദിത്തത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒളിച്ചോടുകയാണ്. ഭാരക്കുറവ് ഉണ്ടായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്നാണ് കോടതി ചോദിച്ചത്. അതിനാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മറുപടി പറയേണ്ടത്. കോടതി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും നല്‍കുന്ന മറുപടി കേട്ട ശേഷം ഈ വിഷയം യു.ഡി.എഫ് ഏറ്റെടുക്കും.
ഒരു ലക്ഷം കോടിയോളം രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത്. 2026-ലെ കനത്ത തോല്‍വി ഭയന്നുള്ള വിഭ്രാന്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്നത്. അതുകൊണ്ടാണ് കേരളത്തെ രക്ഷിക്കാനുള്ള കോണ്‍ക്ലേവുകളുമായും വികസന പ്ലാനുകളും അയ്യപ്പ സംഗമവും ഉള്‍പ്പെടെയുള്ള തട്ടിപ്പ് പരിപാടികളുമായി ഇറങ്ങിയിരിക്കുന്നത്. കശുവണ്ടി കോണ്‍ക്ലേവ് നടത്തുമെന്നാണ് പറയുന്നത്. 99 ശതമാനം കശുവണ്ടി കമ്പനികളും അടച്ചു പൂട്ടി. ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പട്ടിണിയിലാണ്. എന്നിട്ടാണ് കൊല്ലത്ത് കശുവണ്ടി കോണ്‍ക്ലേവ് നടത്തുന്നത്. അത്രയും തൊലിക്കട്ടിയുള്ള സര്‍ക്കാരാണിത്
മുഖ്യമന്ത്രി ഇപ്പോഴാണ് കാസയെ കുറിച്ച് അറിയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കാസ എത്രയോ വര്‍ഗീയ പ്രചരണം നടത്തി. മുഖ്യമന്ത്രി ഇപ്പോഴായിരിക്കും അതേക്കുറിച്ച് അറിയുന്നത്. വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം സംഘം ആയതുകൊണ്ടായിരിക്കും അന്വേഷണം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

