Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആർ.എസ്.എസുമായി...

‘ആർ.എസ്.എസുമായി കൈകോർത്ത സി.പി.എമ്മിന്‍റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു’; കെ.ആർ. മീരക്ക് മറുപടിയുമായി വി.ഡി. സതീശൻ

text_fields
bookmark_border
‘ആർ.എസ്.എസുമായി കൈകോർത്ത സി.പി.എമ്മിന്‍റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു’; കെ.ആർ. മീരക്ക് മറുപടിയുമായി വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച സാഹിത്യകാരി കെ.ആര്‍. മീരക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചരിത്രത്തെ മറന്ന് കോൺഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഗുഡ് ബുക്കിൽ ഇടം നേടാനുമാണ് മീരയുടെ ശ്രമമെന്ന് സതീശൻ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആർ.എസ്.എസുമായി കൈകോർത്ത സി.പി.എമ്മിന്‍റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ സതീശൻ ചോദിച്ചു. ‘ഇത്തരം ശക്തികളുമായി കോൺഗ്രസ് ഒരിക്കലും സന്ധി ചെയ്‌തിട്ടില്ല.

കോൺഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നുവെങ്കിൽ അതിൻ്റെ കാരണങ്ങളിൽ ഒന്ന് അതിശക്തമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതു കൊണ്ടാണ്. ബി.ജെ.പിയെ പോലെ വിഭജനത്തിന്‍റെ രാഷ്ട്രീയമല്ല കോൺഗ്രസിന്‍റേത്. അത് ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ്. അധികാരത്തേക്കാൾ വലുതാണ് മതേതരത്വമെന്നതു കൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന് പോരാടുന്നത്. അതിനെ ലളിതവത്കരിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് മീരക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്’ -സതീശൻ കുറിച്ചു.

കോൺഗ്രസിന് കൃത്യമായ നിലപാടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ അത് കാണാം. അതിനെ ചോദ്യം ചെയ്യാം വിമർശിക്കാം. അത് സഹിഷ്ണുതയോടെ കേൾക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. പക്ഷെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ല. അതാരായാലും ചെറുക്കും. അതിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കുറിപ്പിന്‍റെ പൂർണരൂപം;

ഗാന്ധിയെ തുടച്ചു നീക്കാൻ പത്തെഴുപത്തിയഞ്ച് വർഷമായി കോൺഗ്രസുകാർ തന്നെ ശ്രമിക്കുന്നുവെന്ന കെ.ആർ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്ന് മനസിലായതേയില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ടന്നാണ് ആദ്യം കരുതിയത്. ചരിത്ര സത്യങ്ങൾ വാക്കുകൾ കൊണ്ട് മായ്ക്കാനോ വ്യാഖ്യാനങ്ങൾ കൊണ്ട് മറയ്ക്കാനോ കഴിയില്ല. അതുകൊണ്ട് വസ്തുതകൾ പറഞ്ഞ് പോകാമെന്ന് കരുതി. സത്യം വിളിച്ചു പറയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളിൽ നിശബ്ദത ഭീരുത്വമാകുന്നുവെന്ന് പറഞ്ഞതും ഗാന്ധിയാണ്.

നാഥുറാം ഗോഡ്സെ എന്ന അതിതീവ്ര ഹിന്ദുത്വവാദിയാണ് മഹാത്മാവിനെ വധിച്ചത്. ഗോഡ്സെ ഒരു പേരോ വ്യക്തിയോ അല്ല മറിച്ച് അതൊരു ആശയമാണ്. ഏറ്റവും വലിയ അനുഭൂതിയായ സ്വാതന്ത്രൃം ഒരു ജനതയ്ക്ക് നേടിക്കൊടുത്തതിന് മരണം പകരം ലഭിച്ച രക്തസാക്ഷിയാണ് ഗാന്ധിജി. സംഘ്പരിവാറിന് വെടിവച്ചിടാനേ കഴിഞ്ഞുള്ളൂ. മരണവും കടന്ന് തലമുറകളിയുടെ ഗാന്ധി ഇന്നും ജീവിക്കുന്നു.

ബിർള മന്ദിരത്തിൻ്റെ നടപ്പാതയിൽ തളം കെട്ടി നിന്ന ചോരയിൽ നിന്ന് ഒരാൾ അമരനായി ഉയിർക്കുന്നു. ഇന്നും ഇന്ത്യ എന്ന മണ്ണിൻ്റെ ആത്മാവാണ് ഗാന്ധിയും ഗാന്ധിസവും. അതിൻ്റെ പതാകാവാഹകരാണ് കോൺഗ്രസ്. ഗാന്ധിജിയുടെ മതേതരത്വത്തിൻ്റെ അടിസ്ഥാനം മാനവികതയാണ്. രാജ്യത്ത് മതേതരത്വം നിലനിന്ന് കാണണമെന്ന് ചിന്തിക്കുന്ന ആർക്കും കോൺഗ്രസിനെ തള്ളിക്കളയാനാകില്ല. ഇന്ത്യ എന്ന മഹത്തായ ആശയം കോൺഗ്രസില്ലാതെ പൂർണ്ണമാകുകയുമില്ല.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു! അവരെ കുറിച്ച് ചിലത് പറയാനുണ്ട്; തീക്ഷ്ണമായ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാർ. സായുധ വിപ്ലവത്തിലൂടെ നെഹ്റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണവർ. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ കാണിക്കുന്നത് പ്രകടനങ്ങളാണ്. അവർക്ക് ഇരുവർക്കും പങ്കിലമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ മറന്ന് കോൺഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടത്പക്ഷ രാഷ്ട്രീയത്തിൻ്റെ ഗുഡ് ബുക്കിൽ ഇടം നേടാനുമാണ് കെ.ആർ മീരയുടെ ശ്രമമെന്ന് ന്യായമായും സംശയിക്കാം.

തെരെഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആർ.എസ്.എസുമായി കൈകോർത്ത സി.പി.എമ്മിൻ്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു? ഇത്തരം ശക്തികളുമായി കോൺഗ്രസ് ഒരിക്കലും സന്ധി ചെയ്‌തിട്ടില്ല.

കോൺഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നുവെങ്കിൽ അതിൻ്റെ കാരണങ്ങളിൽ ഒന്ന് അതിശക്തമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതു കൊണ്ടാണ്. ബി.ജെ.പിയെ പോലെ വിഭജനത്തിൻ്റെ രാഷ്ട്രീയമല്ല കോൺഗ്രസിൻ്റേത്. അത് ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ്. അധികാരത്തേക്കാൾ വലുതാണ് മതേതരത്വമെന്നതു കൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന് പോരാടുന്നത്. അതിനെ ലളിതവത്കരിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് കെ.ആർ മീരയ്ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്?

നിരവധി മികച്ച എഴുത്തുകാരുള്ള സംസ്ഥാനമാണ് കേരളം. അതിൽ പലർക്കും പറ്റിപ്പോയത് അവർ മാർക്സിയൻ കാഴ്ചപ്പാട് കടം കൊള്ളുകയോ സ്വയം പ്രഖ്യാപിത മാർക്സിസ്റ്റ് ആയി മാറുകയോ ചെയ്തു എന്നുള്ളതാണ്. കേരളത്തിലെ സി.പി.എമ്മിൻ്റെ പൊളിറ്റിക്കൽ ഫ്രെയിമിൽ പെട്ടുപോയത് ചിലർക്ക് ഗുണം ചെയ്തു. ചിലർക്ക് വളരാൻ കഴിയാതെയും പോയി. സ്വതന്ത്ര ചിന്തയുള്ള എത്ര പേരാണ് സി.പി.എമ്മിൻ്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് സ്വയം ചുരുങ്ങിപ്പോയത്. ഇപ്പോഴും സി.പി.എമ്മിൻ്റെ വഴിയിലൂടെ നടന്ന് ലാഭങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ അത് അവരുടെ വഴി. പക്ഷേ അതിനു വേണ്ടി കോൺഗ്രസ് വഴിവെട്ടി നട്ടു നനച്ച് വളർത്തിയ രാജ്യത്തിൻ്റെ ചരിത്രത്തേയും രാഷ്ട്രശിൽപ്പികളുടെ അധ്വാനത്തേയും തെറ്റായി വ്യാഖ്യാനിക്കരുത്. കോൺഗ്രസിനെ അധിക്ഷേപിച്ച് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ സംഘ്പരിവാരിൻ്റെ വഴിയിലേക്കാണ് എത്തുന്നതെന്നും മക്കരുത്.

കോൺഗ്രസിന് കൃത്യമായ നിലപാടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ അത് കാണാം. അതിനെ ചോദ്യം ചെയ്യാം വിമർശിക്കാം. അത് സഹിഷ്ണുതയോടെ കേൾക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. പക്ഷെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ല. അതാരായാലും ചെറുക്കും. അതിനെ പരാജയപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr meeraV D Satheesan
News Summary - V.D. Satheesan replied to KR Meera
Next Story