രാഹുലിനെതിരെ നടപടി സ്വീകരിച്ചെന്ന അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് -വി.ഡി. സതീശൻ
text_fieldsകണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ നടപടി സ്വീകരിച്ചെന്ന അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിനെതിരായ പരാതിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
ഒരു വിഷയത്തില്‍ ഒരാള്‍ക്കെതിരെ രണ്ടു തവണ നടപടിയെടുക്കാന്‍ പറ്റുമോ? പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പരാതി വന്നപ്പോള്‍ പാര്‍ട്ടി നിലപാട് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ആ നിലപാടാണ് എല്ലാവരുടെയും നിലപാട്. എല്ലാവരുമായും കൂടിയാലോചന നടത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് നേരത്തെ നടപടി പ്രഖ്യാപിച്ചതും ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയതും.
ഈ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് ശബരിമലയിലെ കൊള്ള ഒഴിവാക്കാനുള്ള തന്ത്രം ആര് സ്വീകരിച്ചാലും ആ കെണിയില്‍ വീഴില്ല. മോഷ്ടാക്കളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന സി.പി.എമ്മിന് ഇത് ചോദിക്കാനുള്ള ഒരു ധാര്‍മികതയുമില്ല. കോണ്‍ഗ്രസാണ് ജനങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നത്. ഞങ്ങളുടെ പ്രസ്ഥാനം നടപടി സ്വീകരിച്ചാണ് നില്‍ക്കുന്നത്. ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി.പി.എമ്മാണ്. ഞങ്ങള്‍ അഭിമാനബോധത്തോടെ തല ഉയര്‍ത്തിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.
ഞങ്ങളൊക്കെ കോളജില്‍ പഠിക്കുന്ന കാലത്താണ് ഭാര്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ആന്തൂരില്‍ ദാസന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ സി.പി.എം ക്രൂരമായി വെട്ടിക്കൊന്നത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമുള്ള ജില്ലയില്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടില്‍പ്പെട്ടവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എം. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ എന്ത് വ്യാത്യാസമാണുള്ളത്?
സ്വന്തം ജില്ലയില്‍ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്ത മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് മറ്റു ജില്ലകളിലെത്തി ജനാധിപത്യം പഠിപ്പിക്കുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സി.പി.എമ്മിന് വേണ്ടി ഇത്രയും കാലം നടന്നയാള്‍ പത്രിക നല്‍കിയപ്പോള്‍ അയാളെ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.എം. ഞങ്ങളൊക്കെ നോമിനേഷന്‍ പിന്‍വലിപ്പിക്കാന്‍ വേണ്ടി നിരവിധി പേരെ വിളിച്ചിട്ടുണ്ട്. ആ സംഭാഷണം പുറത്ത് വന്നിട്ടുമുണ്ട്. ആ സംഭാഷണം മാധ്യമ പ്രവര്‍ത്തകര്‍ ഗോവിന്ദനും പിണറായി വിജയനും അയച്ചു കൊടുക്കണം.
എന്തെല്ലാം അബദ്ധങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ആളാണ് വി. ശിവന്‍കുട്ടി. ഡല്‍ഹിയില്‍ പോയി പി.എം ശ്രീയില്‍ ഒപ്പുവച്ചതിനു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒപ്പുവെച്ചത് മറച്ചുവെച്ച് ഒപ്പമുള്ള മന്ത്രിമാരെ കബളിപ്പിച്ച ആളാണ് ശിവന്‍കുട്ടി. അമിത്ഷായും മോദിയും പേടിപ്പെടുത്തിയിട്ട്, മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പി.എം ശ്രീയില്‍ ഒപ്പുവെച്ചിട്ട് മന്ത്രിമാരെ വിഡ്ഢികളാക്കിയ മന്ത്രിയൊക്കെ എന്തെല്ലാം അഭിപ്രായം പറയുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

