രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്ന് എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും മാറ്റമില്ലെന്ന് വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അറബിക്കടൽ ഇളകി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃത്വത്തിന്‍റെ കൂട്ടായ തീരുമാനമാണ് അത്. അത് ആൾകൂട്ടം പറഞ്ഞാൽ മാറില്ല. കേരളം മുഴുവൻ ഇരമ്പി വന്നാലും അറബിക്കടൽ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നുള്ള തീരുമാനം മാറില്ല. അത് കുറച്ചു കഴിയുമ്പോൾ ആൾകൂട്ടത്തിന് ബോധ്യം വരുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ലൈംഗിക പീഡന പരാതിയിൽ വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയത്. രാഹുലുമായുള്ള വാട്സ് ആപ്പ് ചാറ്റും ഗർഭഛിദ്രത്തിന് നിർബന്ധിച്ചു കൊണ്ടുള്ള ശബ്ദരേഖയും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതിന്‍റെ മെഡിക്കൽ രേഖകളും അടങ്ങുന്ന പരാതി, മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും രാത്രിയോടെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. യുവതിയെ വനിത മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.
നേരത്തെ രാഹുലിനെതിരെ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ആഗസ്റ്റ് 27ന് ക്രൈംബ്രാഞ്ച് സ്വമേധായ കേസെടുത്തിരുന്നു. മാധ്യമവാർത്തകളുടെയും അഞ്ചു പേർ ഇ-മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശല്യം ചെയ്തതിന് കേസെടുത്തത്. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതികളെ ക്രൈംബ്രാഞ്ച് സമീപിച്ചെങ്കിലും പരാതി നൽകാൻ ആരും തയാറായില്ല. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ച പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗം അതിജീവിതയെ സന്ദർശിച്ച് പരാതി നൽകാൻ നിർബന്ധിച്ചെങ്കിലും അന്ന് അവർ വഴങ്ങിയില്ല. യുവതി പരാതി നൽകില്ലെന്ന ഉറപ്പിലാണ് രാഹുൽ വീണ്ടും പാലക്കാട്ട് സജീവമായത്. എന്നാൽ, കഴിഞ്ഞ ദിവസം യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന കൂടുതൽ ചാറ്റുകൾ പുറത്ത് വന്നിരുന്നു.
അതേസമയം, രാഹുൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ഹരജി നൽകി. പീഡനാരോപണം നിഷേധിച്ച രാഹുൽ, പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് പറഞ്ഞു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

