ഐക്യം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യം -വി.ഡി. സതീശൻ
text_fieldsഎറണാകുളം: എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യനീക്കം തകർന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.ഡി.എഫ് ഇടപെടാറില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഐക്യം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യമാണ്. അവര്‍ക്ക് എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സതീശൻ വ്യക്തമാക്കി.
'സമുദായങ്ങൾ തമ്മിൽ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവർക്കുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങൾ അതിൽ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തിൽ അവരും ഇടപെടേണ്ടതില്ലെന്ന് പറയുന്നത് പോലെയാണിത്' -വി.ഡി. സതീശൻ വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിനോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എസ്.എൻ.ഡി.പിക്ക് ലഭിച്ച അംഗീകാരമാണ് പത്മ പുരസ്കാരമെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. എസ്.എൻ.ഡി.പിക്ക് അധികാരം ലഭിക്കുമ്പോൾ ആരെങ്കിലും എതിർക്കുമോ?. പത്മ പുരസ്കാരം ലഭിച്ച വെള്ളാപ്പള്ളി അടക്കമുള്ള എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു. നമ്മൾ വലിയ മനസുള്ളവരാണെന്നും ഇടുങ്ങിയ ചിന്ത പാടില്ലെന്നും സതീശൻ പറഞ്ഞു.
വിമർശനത്തിന് ആരും അതീതരല്ല. തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം സമുദായ സംഘടനകൾക്കുണ്ട്. വർഗീയത പറയരുതെന്ന് മാത്രമാണ് പറയാനുള്ളതെന്നും അക്കാര്യം വിട്ടുവീഴ്ചയില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

